ഗാന്ധിജി ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ വാങ്ങാനായി സര്‍ക്കാര്‍ തന്നെ ചുമതലപ്പെടുത്തിയിരുന്നില്ല എന്ന് വിജയ് മല്യ. വെള്ളിയാഴ്ച വൈകിട്ട് ആണ് കേന്ദ്രമന്ത്രി അംബികാസോണിയുടെ പ്രസ്താവനയ്ക്ക് വിരുദ്ധമായി മല്യ പ്രതികരണം നടത്തിയത്.
“ ഞാന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ലേലത്തില്‍ പങ്ക് കൊണ്ടത്. ലേലത്തില്‍ പങ്ക് കൊള്ളാന്‍ സര്‍ക്കാരില്‍ നിന്ന് ആരും എന്നെ ചുമതലപ്പെടുത്തിയില്ല ”, മല്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ലേലത്തിനു ശേഷം അംബികാസോണിയുമായി സംസാരിച്ചിട്ടില്ല. ലേലത്തിനു മുമ്പ് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ നിന്ന് ഒരു ടെലഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. സ്വന്തം നിലയില്‍ ലേലത്തില്‍ പങ്കെടുക്കുകയാണെന്ന് ആസമയം വ്യക്തമാക്കുകയും ചെയ്തിരുന്നു, മല്യ പറഞ്ഞു.
ഗാന്ധിജി ഉപയോഗിച്ചിരുന്ന കണ്ണട ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങിയത് പ്രശസ്തിക്കു വേണ്ടിയല്ല. ഇതെ കുറിച്ച് സ്വയം തീരുമാനമെടുത്ത ശേഷം പ്രതിനിധിയായി ടോണി ബേഡിയെ അന്‍റിക്വേറിയം എന്ന ലേല സ്ഥാപനത്തിലേക്ക് അയച്ചിരുന്നു. ഇതെ കുറിച്ച് സര്‍ക്കാരിന് അറിവില്ലായിരുന്നു എന്നും മല്യ കൂട്ടിച്ചേര്‍ത്തു.
ഗാന്ധിജി ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ നേടിയെടുക്കാനായി മല്യയെ ചുമതലപ്പെടുത്തുകയായിരുന്നു എന്ന് അംബികാ സോണി ന്യൂഡല്‍ഹിയില്‍ പറഞ്ഞിരുന്നു.
ന്യൂഡല്‍ഹി|
PRATHAPA CHANDRAN|
Last Modified വെള്ളി, 6 മാര്‍ച്ച് 2009 (20:00 IST)