ഗര്‍ഭിണിയെ തീവച്ചു കൊല്ലാന്‍ ശ്രമം

ബാംഗ്ലൂര്‍| WEBDUNIA| Last Modified തിങ്കള്‍, 30 ഓഗസ്റ്റ് 2010 (15:47 IST)
മതം മാറാന്‍ വിസമ്മതിച്ചതിനാല്‍ ഒമ്പത് മാസം ഗര്‍ഭിണിയായ സ്ത്രീയെ തീവച്ച് കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. ശരീരത്തില്‍ 35 ശതമാനം പൊള്ളലേറ്റ യുവതി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞിനു ജന്‍‌മം നല്‍കാനിരിക്കെയാണ് ആക്രമണത്തിനിരയായത്.

മെഹറുന്നീസ എന്ന 24 കാരിയും അഘോരി രാമന്‍ കിഷോര്‍ എന്നയാളും തമ്മിലുള്ള വിവാഹം നാല് വര്‍ഷം മുമ്പാണ് നടന്നത്. വിവാഹത്തിനു ശേഷം ഇസ്ലാം മതം സ്വീകരിച്ച കിഷോര്‍ സയ്ദ് അബുര്‍ റഹ്മാന്‍ എന്ന് പേര് മാറ്റുകയും ചെയ്തിരുന്നു.

എന്നാല്‍, അടുത്ത കാലത്തായി സയ്ദ് തിരികെ മതം മാറണമെന്ന് അയാളുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു തുടങ്ങി. മെഹറുന്നീസയും മതം മാറണമെന്ന് സയ്ദ് നിര്‍ബന്ധം പിടിച്ചു. എന്നാല്‍, മെഹറുന്നീസ അതിന് വഴങ്ങാന്‍ തയ്യാറാവാഞ്ഞതാണ് കൊലപാതക ശ്രമത്തില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഞായറാഴ്ച തന്റെ ഭര്‍ത്താവ് കോള്‍ഡ് ബാം എന്ന വ്യാജേന തന്റെ ശരീരത്തില്‍ എളുപ്പം തീ പിടിക്കുന്ന എന്തോ ലേപനം പുരട്ടി എന്ന് മെഹറുന്നീസ മാധ്യമങ്ങളോട് പറഞ്ഞു. ലേപനം പുരട്ടിയ ശേഷം തന്നെ സ്റ്റൌവിനു മേലേക്ക് പിടിച്ചു തള്ളുകയായിരുന്നു.

തന്റെ ശരീരത്ത് തീ പിടിച്ച ഉടന്‍ സയ്ദ് പുറത്തേക്ക് ഓടിപ്പോയി. കരച്ചില്‍ കേട്ട് വന്ന അയല്‍ക്കാരാണ് രക്ഷിച്ചതെന്നും മെഹറുന്നീസ പറയുന്നു. എന്നാല്‍, തന്റെ ഭര്‍ത്താവിനെതിരെ കേസെടുക്കാന്‍ ബാംഗ്ലൂര്‍ പൊലീസ് വിസമ്മതിച്ചു എന്നും മെഹറുന്നീസ വെളിപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :