പാരിസ്|
WEBDUNIA|
Last Modified വെള്ളി, 30 ജൂലൈ 2010 (13:51 IST)
പ്രസവിച്ച ഉടന്‍ എട്ട് മക്കളെ വകവരുത്തിയ അമ്മയെ ഫ്രാന്‍സില്‍ അറസ്റ്റ് ചെയ്തു. കുറ്റസമ്മതം നടത്തിയ ഇവരെ മനോരോഗ പരിശോധയ്ക്ക് വിധേയയാക്കുകയാണെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
വില്ലേഴ്സ്-ഔ-ടെര്‍ട്ടെ എന്ന ടൌണിലാണ് പൈശാചികമെന്ന് വിശേഷിപ്പിക്കാവുന്ന പരമ്പര ശിശുഹത്യയ്ക്ക് വേദിയൊരുങ്ങിയത്. ഡൊമിനിക്ക് കോട്രെസ് എന്ന 45 കാരി നഴ്സിംഗ് സഹായിയാണ് സ്വന്തം കുഞ്ഞുങ്ങളെ പ്രസവിച്ച ഉടന്‍ കൊല ചെയ്തത്.
കോട്രെസിനെയും ഭര്‍ത്താവ് പിയറി മേരി കോട്രെസിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഭാര്യയ്ക്ക് തടി കൂടിയ പ്രകൃതമായതിനാല്‍ അവര്‍ ഗര്‍ഭിണിയാണെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ല എന്നും അതിനാല്‍ ശിശുക്കളെ അവര്‍ കൊല ചെയ്യുന്ന കാര്യവും അറിയാന്‍ സാധിച്ചില്ല എന്നും പിയറി അന്വേഷകരോട് പറഞ്ഞു.
കോട്രെസ് താന്‍ പ്രസവിച്ച എട്ട് മക്കളില്‍ രണ്ട് പേരെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ പൂന്തോട്ടത്തില്‍ കുഴിച്ചിട്ടു എന്നും മറ്റുള്ളവരെ കൊന്ന ശേഷം പ്ലാസ്റ്റിക് ബാഗുകളിലാക്കി സ്വന്തം വീടിന്റെ ഗാരേജില്‍ ഒളിപ്പിച്ചു എന്നും കുറ്റസമ്മതം നടത്തിയതായി അഭിഭാഷകന്‍ എറിക് വാലിയന്റ് പറയുന്നു. രണ്ട് വീടുകളും പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. കുട്ടികളെയെല്ലാം പ്രസവിച്ച ഉടന്‍ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു എന്നും കോട്രെസ് സമ്മതിച്ചിട്ടുണ്ട്.
ചില സ്ത്രീകള്‍ ഗര്‍ഭിണികളാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ മടികാട്ടുന്ന ഒരു മാനസിക വൈകല്യത്തിന് അടിമപ്പെടാറുണ്ട് എന്ന് മനോരോഗ വിദഗ്ധയായ ലൂസി ബെരെസ്ഫോര്‍ഡ് പറയുന്നു. ഇവര്‍ ഗര്‍ഭം മറ്റുള്ളവരില്‍ നിന്ന് മറച്ചുവയ്ക്കുകയും ഗര്‍ഭിണിയല്ലെന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. പ്രസവം നടക്കുമ്പോള്‍ ആ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടാന്‍ ഇത്തരക്കാര്‍ കുട്ടിയെ കൊല്ലാനും മടിക്കില്ല എന്നും ഇവര്‍ വിശദീകരിക്കുന്നു.