കഴിഞ്ഞ ആഴ്ച ഇന്‍ഡോറില്‍ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവിലും ദേശീയ കൌണ്‍സിലിലും വച്ച് പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയെ കുറിച്ച് നേതാക്കള്‍ക്ക് തുടക്കത്തില്‍ തോന്നിയ സംശയം ഇല്ലാതായി എന്ന് എല്‍കെ അദ്വാനി. ബിജെപി സമ്മേളനത്തില്‍ പങ്കെടുത്ത പാര്‍ട്ടി നേതാക്കള്‍ക്ക് ഗഡ്കരിയുടെ കഴിവില്‍ വിശ്വാസമുണ്ടായി എന്നും അദ്വാനി തന്റെ ബ്ലോഗില്‍ എഴുതിയിരിക്കുന്നു.
2004 ലെയും 2009 ലെയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയങ്ങള്‍ കാരണം നിരാശരായ പാര്‍ട്ടി പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ ഗഡ്കരിക്ക് എത്രത്തോളം ആത്മവിശ്വാസം ഉയര്‍ത്താനുള്ള കഴിവുണ്ട് എന്ന് സംശയിച്ചിരുന്നു. എന്നാല്‍, വളരെപ്പെട്ടെന്ന് തന്നെ ആ സംശയം മാറി.
ആ മൂന്ന് ദിവസങ്ങളില്‍ പ്രതിനിധികളുടെ സംശയം ഉരുകിത്തീരുന്നത് കാണാന്‍ സാധിച്ചു. അതിനാല്‍, മൂന്നാം ദിവസം ഇന്‍ഡോര്‍ വിടുമ്പോള്‍ അവരില്‍ സംശയത്തിനു പകരം ആത്മവിശ്വാസം നിറഞ്ഞിരുന്നു. ഇപ്പോള്‍ ബിജെപിക്ക് ആവശ്യമുള്ള നേതാവ് തന്നെയാണ് ഗഡ്കരി എന്ന് അവര്‍ക്ക് ബോധ്യമായെന്നും അദ്വാനി എഴുതിയിരിക്കുന്നു. ഇന്‍ഡോറില്‍ ചേര്‍ന്ന ത്രിദിന സമ്മേളനത്തില്‍ നാലായിരത്തോളം പ്രതിനിധികളാണ് പങ്കെടുത്തത്.
കഴിഞ്ഞ ഡിസംബറിലാണ് ബിജെപി ദേശീയ അധ്യക്ഷനായി മഹാരാഷ്ട്രക്കാരനായ നിതിന്‍ ഗഡ്കരിയെ നിയമിച്ചത്. രാജ്നാഥ് സിംഗ് വിരമിക്കുന്ന ഒഴിവിലേക്കായിരുന്നു നിയമനം.