കേരളത്തിലെ നദികള്‍ തമിഴ്നാട്ടിലേക്ക്?

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2012 (13:22 IST)
രാജ്യത്തെ നദീസംയോജന പദ്ധതിക്കു സുപ്രീംകോടതിയുടെ അംഗീകാരം. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന്‌ ഉന്നതാധികാര സമിതിക്കു രൂപം നല്‍കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കി. കേന്ദ്ര ജലവിഭവ വകുപ്പ്‌, പരിസ്ഥിതി വകുപ്പ്‌, ആസൂത്രണ കമ്മിഷന്‍ എന്നിവയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയായിരിക്കും സമിതി രൂപീകരിക്കുക.

നദീസംയോജന പദ്ധതിക്ക് സംസ്ഥാനങ്ങള്‍ തടസം നില്‍ക്കരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഈ പദ്ധതി പ്രകാരം കേരളത്തിലെ പമ്പ, അച്ചന്‍കോവില്‍ എന്നീ നദികള്‍ തമിഴ്നാട്ടിലെ വൈപ്പാര്‍ നദിയുമായി സംയോജിപ്പിക്കുന്ന കാര്യവും സമിതിയുടെ പരിഗണനയില്‍ വരും. ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എച്ച്‌ കപാഡിയ അധ്യക്ഷനായ ബെഞ്ചാണ്‌ കേസ്‌ പരിഗണിച്ചത്‌.

2002ല്‍ എന്‍ ഡി എ സര്‍ക്കാരാണ് നദീസംയോജന പദ്ധതികൊണ്ടുവന്നത് എന്ന വിവിധ സംസ്ഥാനങ്ങളുടെയും പരിസ്ഥിതി സംഘടനകളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതി വൈകുകയായിരുന്നു. രാജ്യതാത്പര്യം സംരക്ഷിക്കുന്ന ഒരു പദ്ധതിയാണ് ഇത് അതിനാല്‍ സംസ്ഥാനങ്ങള്‍ ഇതിന് തടസം നില്‍ക്കരുതെന്നാണ് കോടതി അറിയിച്ചത്.

അതേസമയം, പദ്ധതിയില്‍ ഉള്‍പ്പെട്ട കേരളത്തിലെ നദികളായ പമ്പയിലും അച്ചന്‍‌കോവിലാറിലും വേണ്ടത്ര ജലമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫ് പറഞ്ഞു. അതിനാല്‍ കേരളത്തിലെ നദികള്‍ തമിഴ്നാട്ടിലെ വൈപ്പാര്‍ നദിയുമായി സംയോജിപ്പിക്കുന്ന പദ്ധതിയോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :