ഇടതു ജനാധിപത്യ ബദല്‍ രൂപീകരിക്കും: സിപിഎം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കോണ്‍ഗ്രസ്-ബിജെപി ഇതര പാര്‍ട്ടികളുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് സിപിഎമ്മിന്റെ കരട് രാഷ്ട്രീയപ്രമേയം. കോണ്‍ഗ്രസിനും ബിജെപിയ്ക്കുമെതിരെ ഇടതു ജനാധിപത്യ ബദല്‍ രൂപീകരിക്കുമെന്നും ഡല്‍ഹിയില്‍ പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയത്തില്‍ സിപിഎം വ്യക്തമാക്കുന്നു.

ഇടതു പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തണമെന്ന് പറയുന്ന പ്രമേയം ഇടതു പാര്‍ട്ടികള്‍ക്ക് പുറത്തുള്ള ഇടതു ചിന്താധാരകളുമായി സഹകരിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. കേരളത്തില്‍ അധികാരം നഷ്ടപ്പെടാന്‍ കാരണം സി പി എമ്മിലെ വിഭാഗീതയാണെന്ന നിലപാട് തെറ്റാണെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തില്‍ ഭരണം നഷ്ടപ്പെട്ടത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള തിരിച്ചടിയല്ല. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയങ്ങള്‍ ദേശീയ തലത്തില്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കി. ബംഗാളിലെ കര്‍ഷകര്‍ക്കും ഗ്രാമീണര്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്നതില്‍ വീഴ്ച സംഭവിച്ചു.

മുസ്ലീങ്ങള്‍ക്ക് 10 ശതമാനം സംവരണം നടപ്പിലാക്കണം. ക്രീമിലെയറില്‍ നിന്ന് ഒഴിവാക്കിയായിരിക്കണം സംവരണം ഏര്‍പ്പെടുത്തേണ്ടത്. മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങളിലെ ദളിത് വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം വേണം.

ഉദാരവത്കരണ നയങ്ങള്‍ കര്‍ഷകരുടേയും തൊഴിലാളികളുടേയും ജീവിതം കൂടുതല്‍ ദുസ്സഹമാക്കിയതായി കാരാട്ട് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിനും ബിജെപിയ്ക്കും ഒരേ നയം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ പാര്‍ട്ടി അടിമുടി മാറണമെന്ന പാര്‍ട്ടി സെക്രട്ടറി ബിമന്‍ ബോസിന്റെ പ്രസ്താവന സ്ഥാനമാറ്റത്തേക്കുറിച്ചല്ലെന്നും കാരാട്ട് പറഞ്ഞു. സമീപനത്തിലെ മാറ്റത്തേക്കുറിച്ചാണ് ബിമന്‍ ബോസ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :