കേന്ദ്രത്തില്‍ മുലായത്തിന്‍റെ നേതൃത്വത്തില്‍ പുതിയ കൂട്ടായ്മ

ന്യൂഡല്‍ഹി| WEBDUNIA|
PTI
കോണ്‍ഗ്രസിനും ബി ജെ പിക്കും എതിരെ കേന്ദ്രത്തില്‍ പുതിയ കൂട്ടായ്മ രൂപം കൊള്ളുന്നു. സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിംഗ്‌ യാദവിന്‍റെ നേതൃത്വത്തിലാണ് പുതിയ കൂട്ടായ്മ വരുന്നത്. സമാജ്‌വാദി പാര്‍ട്ടി, സി പി ഐ, സി പി എം, ടി ഡി പി എന്നീ കക്ഷികള്‍ ചേര്‍ന്നതാണ് പുതിയ കൂട്ടായ്മ. ഇവര്‍ ഒത്തുചേരുന്നതിന്‍റെ ആദ്യപടിയായി വെള്ളിയാഴ്ച ഒരു ധര്‍ണ പാര്‍ലമെന്‍റിന് പുറത്ത് നടക്കും.

കല്‍ക്കരിപ്പാടം വിഷയത്തില്‍ പാര്‍ലമെന്‍റ് നടപടികള്‍ തുടര്‍ച്ചയായി സ്തംഭിപ്പിക്കുന്നതിനെതിരെയാണ് ധര്‍ണ നടക്കുന്നത്. എന്നാല്‍ ഈ കൂട്ടായ്മ ഭാവിയിലും തുടരുമെന്നുള്ള സൂചനകളാണ് ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്നത്. ധര്‍ണയ്ക്കായി ഒത്തുചേരാന്‍ മുലായമാണ് മറ്റ് പാര്‍ട്ടികളോട് ആഹ്വാനം ചെയ്തത്. കൂടിയാലോചനയ്ക്ക് ശേഷം ധര്‍ണയില്‍ പങ്കുചേരാന്‍ ഈ പാര്‍ട്ടികള്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം ഈ കൂട്ടായ്മയിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ ചേര്‍ന്നേക്കുമെന്ന് സൂചന ലഭിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ ബി ജെ പിക്കും കോണ്‍ഗ്രസിനുമെതിരെ ഒരു പുതിയ സഖ്യത്തിന്‍റെ ജനനമായി ഇതു മാറിയേക്കും.

കല്‍ക്കരിപ്പാടം വിഷയത്തില്‍ പ്രതിപക്ഷബഹളം മൂലം പാര്‍ലമെന്‍റ് നടപടികള്‍ തുടര്‍ച്ചയായ ഏഴാം ദിനവും തടസപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി രാജി വയ്ക്കുന്നതുവരെ പ്രക്ഷോഭമെന്ന നിലപാടില്‍ ബി ജെ പി ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്ന ആവശ്യമാണ് ഇടതുപാര്‍ട്ടികള്‍ ഉന്നയിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :