സൂര്യനെല്ലി പീഡനക്കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരെയുള്ള ആരോപണങ്ങളില്‍ പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ് വെള്ളിയാഴ്ച രാജ്യസഭയില്‍ പ്രസ്താവന നടത്തും. രാജ്യസഭയുടെ കാര്യോപദേശക സമിതിയില്‍ കമല്‍നാഥ് ഇക്കാര്യം വ്യക്തമാക്കി.
അതേസമയം കുര്യന്‍ വിഷയം ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നും കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് അവര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
കുര്യനെതിരെ ഇന്ന് പ്രതിഷേധിച്ച എം പിമാരെ പൊലീസ് മര്‍ദ്ദിച്ചു. കുര്യന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിലേക്ക് മാര്‍ച്ച നടത്തിയ എംപിമാരായ ടി എന്‍ സീമ, എം ബി രാജേഷ് തുടങ്ങിയ നേതാക്കളെയാണ് മര്‍ദ്ദിച്ചത്. ടി എന്‍ സീമ, എം ബി രാജേഷ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
സൂര്യനെല്ലി കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കുര്യന്‍ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ഇടതുപക്ഷ സംഘടനകളുടെ കടുത്ത പ്രതിഷേധമാണ് പാര്‍ലമെന്റിന് മുന്നില്‍ അരങ്ങേറിയത്.