കാളിയുടെ പേരില്‍ ബീര്‍, അമേരിക്ക മാപ്പുപറയണമെന്ന് ബിജെപി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
കാളിദേവിയുടെ പേരിട്ട് ഒരു അമേരിക്കന്‍ കമ്പനി പുറത്തിറക്കിയ ബീറിനെച്ചൊല്ലി രാജ്യസഭയില്‍ ബി ജെ പി ബഹളം. അമേരിക്കന്‍ അംബാസഡറെ വിളിച്ചുവരുത്തി മാപ്പുപറയിക്കണമെന്ന് രാജ്യസഭയില്‍ ആവശ്യമുയര്‍ന്നു.
ബി ജെ പിയുടെ രവിശങ്കര്‍ പ്രസാദാണ് ശൂന്യവേളയില്‍ ഈ പ്രശ്നം അവതരിപ്പിച്ചത്. ‘കാളി മാ ബീര്‍’ എന്ന പേരില്‍ ബേണ്‍സൈഡ് ബ്രൂയിംഗ് എന്ന പോര്‍ട്‌ലാന്‍ഡ് കമ്പനി അവതരിപ്പിച്ച ബീര്‍ ഇന്ത്യക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
“പരമമായ യാഥാര്‍ത്ഥ്യം എന്ന നിലയില്‍ ഈ കാളിയെ ആരാധിക്കൂ എന്നാണ് ബീറിന്‍റെ പരസ്യത്തില്‍ പറയുന്നത്. കാളിദേവിയുടെ ചിത്രവും നല്‍കിയിരിക്കുന്നു” - രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ യു എസ് അംബാസഡറെ വിളിച്ചുവരുത്തി മാപ്പു പറയിക്കണമെന്നും ഇക്കാര്യത്തേക്കുറിച്ച് വിദേശകാര്യമന്ത്രി പ്രസ്താവനയിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി ജെ പിയുടെ മറ്റ് അംഗങ്ങളും ഈ വിഷയം ഉന്നയിച്ചപ്പോള്‍ പാര്‍ലമെന്‍ററികാര്യ മന്ത്രി രാജീവ് ശുക്ല ഇടപെട്ടു. ഈ ആശങ്കകള്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍ പെടുത്താമെന്ന് അദ്ദേഹം ഉറപ്പുകൊടുത്തു.
“ഇക്കാര്യം ഞാന്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍ പെടുത്താം. എന്നാല്‍ ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കട്ടെ, കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ്, അമേരിക്കയിലെ ഒരു സ്റ്റോറില്‍ സ്ലിപ്പറില്‍ ഗണപതിയുടെ ചിത്രം പതിച്ചിരിക്കുന്നത് ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴത്തെ എന്‍റെ കസേരയില്‍ അന്നുണ്ടായിരുന്ന രവിശങ്കര്‍ പ്രസാദ് ഒരു നടപടിയും സ്വീകരിക്കുകയുണ്ടായില്ല” - രാജീവ് ശുക്ല വെളിപ്പെടുത്തി.