കാഞ്ചി മഠാധിപതിക്ക് എതിരെ രഞ്ജിത കേസുകൊടുത്തു!

ചെന്നൈ| WEBDUNIA|
PRO
PRO
വിവാദസ്വാമിയായ നിത്യാനന്ദയുമായി കിടപ്പറ പങ്കിടുന്ന വീഡിയോ ദൃശ്യ വിവാദത്തില്‍ പെട്ട വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. കാഞ്ചി മഠാധിപതിയായ ശ്രീ ജയേന്ദ്ര സരസ്വതിക്കെതിരെ ക്രിമിനല്‍ മാനനഷ്ടത്തിന് നടി രഞ്ജിത കേസ് കൊടുത്തിരിക്കുന്നത്. ‘എവിടെപ്പോയാലും രഞ്ജിതയും കൂടെയുണ്ടല്ലോ’ എന്ന് ഒരു അഭിമുഖത്തില്‍ ശ്രീ ജയേന്ദ്ര സരസ്വതി പറഞ്ഞതാണ് രഞ്ജിതയെ പ്രകോപിപ്പിച്ചത്.

ശൈവഭക്തരുടെ മഠമായ മധുരൈ അധീനത്തിന്റെ ജൂനിയര്‍ (ഇളയ) മഠാധിപതിയായി നിത്യാനന്ദയെ ഈയടുത്ത് തെരഞ്ഞെടുത്തിരുന്നു. ലൈംഗിക അപവാദങ്ങളില്‍ പെട്ടുഴലുന്ന നിത്യാനന്ദയെ മഠാധിപതിയായി തെരഞ്ഞെടുത്തതില്‍ ഹിന്ദു മുന്നണി അടക്കമുള്ള സംഘടനകള്‍ എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഈ പ്രതിഷേധം കാഞ്ചി മഠാധിപതിയായ ശ്രീ ജയേന്ദ്ര സരസ്വതി ഏറ്റെടുത്തതോടെ തമിഴ്നാട്ടില്‍ നിത്യാനന്ദയ്ക്ക് എതിരായി വിമര്‍ശനം ശക്തമാവുകയാണ്. ഒരു നടിക്കൊപ്പം ചുറ്റിക്കറങ്ങുന്ന നിത്യാനന്ദ ഈ പദവിക്ക് അര്‍ഹനല്ല എന്നാണ് ശ്രീ ജയേന്ദ്ര സരസ്വതി പറഞ്ഞത്.

“ഞാനൊരു മത വിശ്വാസിയാണ്. ഞാന്‍ പല ആത്മീയ യോഗങ്ങളിലും സംബന്ധിക്കാറുണ്ട്, ആത്മീയ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ പോകാറുമുണ്ട്. നിത്യാനന്ദ സ്വാമിയുടെ പ്രഭാഷണങ്ങള്‍ പല തവണ കേട്ടതിന് ശേഷമാണ് ഞാന്‍ അദ്ദേഹത്തിന്റെ ഭക്തയായത്. ഞാന്‍ നിത്യാനന്ദ സ്വാമിയുടെ പല പ്രഭാഷണങ്ങള്‍ക്കും പോകാറുണ്ട്. എന്നാല്‍ ഞാന്‍ നിത്യാനന്ദ സ്വാമിയുടെ കൂടെയാണ് കഴിയുന്നത് എന്നര്‍ത്ഥത്തില്‍ ശ്രീ ജയേന്ദ്ര സരസ്വതി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത് എന്നെ അപമാനിക്കാനാണ്” - രഞ്ജിത പറയുന്നു.

ആദിശങ്കരന്‍ സ്ഥാപിച്ച മഠങ്ങളിലൊന്നാണ് കാഞ്ചി മഠം. 2500 വര്‍ഷങ്ങളുടെ പഴക്കം അവകാശപ്പെടുന്ന ഈ മഠത്തിന് ഹിന്ദുക്കളുടെ ആത്മീയ കാര്യങ്ങളില്‍ പലപ്പോഴും അവസാന വാക്കാണ് ഉള്ളത്. ശൈവ സിദ്ധാന്തം പ്രചരിപ്പിക്കുന്ന മധുരൈ മഠത്തിന് 1400 വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിത്യാനന്ദയും ജയേന്ദ്ര സരസ്വതിയും തമ്മിലുള്ള വാക്കുതര്‍ക്കം എന്നതില്‍ ഉപരിയായി, മഠങ്ങള്‍ തമ്മിലുള്ള തര്‍ക്കമായാണ് ‘ജൂനിയര്‍ മഠാധിപതി’ പദവി ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :