മമ്മൂട്ടി - രഞ്ജിത് ടീം വീണ്ടും, അനൂപിന്‍റെ തിരക്കഥ!

WEBDUNIA|
PRO
കൈയൊപ്പ്, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍ - മമ്മൂട്ടിയും രഞ്ജിത്തും സമീപകാലത്ത് ഒന്നിച്ചപ്പോഴൊക്കെ ഉണ്ടായത് ഒന്നിനൊന്ന് മികച്ച സിനിമകള്‍. തിയേറ്ററില്‍ വിജയമായതിനൊപ്പം ഇവ അവാര്‍ഡുകളും വാരിക്കൂട്ടി. എന്തായാലും പ്രാഞ്ചിയേട്ടന് ശേഷം മമ്മൂട്ടിയുമായി ഒരു ചെറിയ ഇടവേളയെടുത്ത രഞ്ജിത് വീണ്ടും മെഗാസ്റ്റാറിനെ തനിക്കൊപ്പം ചേര്‍ക്കുകയാണ്.

രഞ്ജിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കും. ഈ സിനിമയ്ക്ക് പക്ഷേ രഞ്ജിത്തല്ല തിരക്കഥ രചിക്കുന്നത്. രഞ്ജിത്തിന്‍റെ അടുത്ത സുഹൃത്തും ഇപ്പോള്‍ തിരക്കേറിയ തിരക്കഥാകൃത്തും നടനുമായ അനൂപ് മേനോനാണ് രഞ്ജിത് - മമ്മൂട്ടി ചിത്രത്തിന്‍റെ രചന.

ഈ സിനിമയില്‍ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഡ്രൈവറായാണ് മമ്മൂട്ടി അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുരളി മൂവീസിന്‍റെ ബാനറില്‍ മാധവന്‍ നായര്‍ ഈ സിനിമ നിര്‍മ്മിക്കും. മമ്മൂട്ടിയെ നായകനാക്കി മാധവന്‍ നായര്‍ ഒടുവില്‍ നിര്‍മ്മിച്ച ‘വെനീസിലെ വ്യാപാരി’ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു.

ഒട്ടേറെ പ്രൊജക്ടുകളുടെ തിരക്കുകാരണമാണ് രഞ്ജിത് ഈ മമ്മൂട്ടിച്ചിത്രത്തിന്‍റെ തിരക്കഥാ രചന അനൂപ് മേനോനെ ഏല്‍പ്പിച്ചത്. ഇപ്പോള്‍ സ്പിരിറ്റിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് രഞ്ജിത്. അതിന് ശേഷം ‘ലീല’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ലീലയ്ക്ക് ശേഷം മമ്മൂട്ടിച്ചിത്രം ചെയ്യാ‍നാണ് പരിപാടി. ലീല പൂര്‍ത്തിയായാലുടന്‍ തന്‍റെ സ്വപ്നപദ്ധതിയായ വടക്കന്‍‌പാട്ട് സിനിമയുടെ എഴുത്തുജോലികളിലേക്ക് രഞ്ജിത് കടക്കും. അതിനാലാണ് മമ്മൂട്ടിച്ചിത്രം അനൂപിനെ ഏല്‍പ്പിക്കേണ്ടി വന്നത്.

കോക്‍ടെയില്‍, ബ്യൂട്ടിഫുള്‍ തുടങ്ങിയ ഹിറ്റ് സിനിമകളെഴുതിയ അനൂപ് മേനോന്‍ ഇപ്പോള്‍ ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ സിനിമയുടെ രചന പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ആ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. ഒരു ഷെര്‍ലക് ഹോംസ് കഥയുടെ മലയാള വ്യാഖ്യാനത്തിനും അനൂപ് മേനോന്‍ തിരക്കഥ രചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :