‘മദനിക്ക് ജാമ്യത്തിന് അര്‍ഹത’

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ബാംഗ്ലൂര്‍ സ്ഫോടനക്കേസ് പ്രതി അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മദനിയ്ക്ക് ജാമ്യം അനുവദിക്കാവുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. മദനി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണിത്.

മദനിയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. കര്‍ണാടകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുകയാണെങ്കില്‍ മദനിയ്ക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒമ്പത് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ മദനിയെ ഇപ്പോള്‍ അകാരണമായി പീഡിപ്പിക്കുകയാണെന്നും അഭിഭാഷകര്‍ പറഞ്ഞു.

എന്നാല്‍ അഹമ്മദാബാദ്, സൂറത്ത് തുടങ്ങിയ കേസുകളിലും മദനിയ്ക്ക് പങ്കുണ്ടെന്നും കര്‍ണാടകം കോടതിയില്‍ വാദിച്ചു. ഒരു കാലില്ല എന്നത് ഗൂഡാലോചന നടത്തുന്നതിന് തടസ്സമല്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. ബുധനാഴ്ചയ്ക്ക് മുമ്പ് കര്‍ണാടകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളിയതിനെതുടര്‍ന്നാണ്‌ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. ഗൂഢാലോചനയില്‍ തന്റെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും കര്‍ണാടക പൊലീസ്‌ ഹാജരാക്കിയിട്ടില്ലെന്ന്‌ മദനിയുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :