ഓണ്‍‌ലൈനിലും മോഡിയാണ് താരം; കളിയാക്കിയ വെബ്‌സൈറ്റ് 20 മണിക്കൂറിനുള്ളില്‍ പൂട്ടിച്ചു!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഓണ്‍‌ലൈനിലും ഇപ്പോള്‍ മോഡിയാണ് താരം. ഒരു പക്ഷേ ഏറ്റവുമധികം ഓണ്‍ലൈനില്‍, പ്രത്യേകിച്ച് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ സജീവസാന്നിധ്യമുള്ള നേതാവാണ് നരേന്ദ്ര മോഡി. നരേന്ദ്രമോഡി പ്രധാനമന്ത്രിയായാല്‍ എന്തെല്ലാം ചെയ്യുമായിരുന്നു എന്ന് ഹാസ്യാത്മക ഭാവനയില്‍ കണ്ട് തയ്യാറാക്കിയ വെബ്‌സൈറ്റ് ഭീഷണി മൂലം പൂട്ടി. narendramodiplans.com എന്ന വെബ്‌സൈറ്റിനാണ് തുടങ്ങി 20 മണിക്കൂറിനുള്ളില്‍ അടച്ചുപൂട്ടേണ്ട ഗതിയുണ്ടായത്. അപ്പോഴേക്കും 60,000 പേര്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചിരുന്നു.

മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വെബ്‌സൈറ്റ് ഹിറ്റാവുകയും സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഗുജറാത്തില്‍ നിന്നുള്ള ഉരുക്കുമനുഷ്യന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മോഡിയുടെ പ്രഭാവത്തിന് കോട്ടം വരുത്തുന്നതാണ് വെബ്‌സൈറ്റ് എന്ന വിവര്‍ശനവുമായി മോഡി ഫാന്‍‌സ് രംഗത്തെത്തിയതോടെ കളി കാര്യമായി. തുടര്‍ന്ന് ഭീഷണികളും പ്രവഹിച്ചതോടെയാണ് അവസാന സന്ദേശവും കുറിച്ചിട്ട് വെബ്‌സൈറ്റ് പ്രവര്‍ത്തനം അവസാനിപ്പിച്ചു.

ഒറ്റ പേജില്‍ ലളിതമായി തയ്യാറാക്കിയ വെബ്‌സൈറ്റില്‍ നരേന്ദ്രമോഡിയുടെ ചിത്രവും ഉണ്ടായിരുന്നു. 2014 ലോകസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മോഡി എന്തൊക്കെ ചെയ്യുമെന്ന് അറിയാന്‍ ക്ലിക്ക് ചെയ്യേണ്ട ഭാഗവും വെബ്‌സൈറ്റിലുണ്ടായിരുന്നു. 2002 ഗുജറാത്ത് കലാപം അടക്കമുള്ള രാഷ്ട്രീയ വിഷയങ്ങളില്‍ മോഡിയുടെ നിലപാടുകളെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു വെബ്‌സൈറ്റിലെ ഉള്ളടക്കം. ഇതാണ് മോഡി അനുകൂലികളെ പ്രകോപിപ്പിച്ചതും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :