ചെന്നൈ|
Last Modified ചൊവ്വ, 7 ഫെബ്രുവരി 2017 (22:54 IST)
അണ്ണാ ഡി എം കെ പിളർപ്പിലേക്ക്. മുഖ്യമന്ത്രി ഒ പനീർ ശെൽവം പാർട്ടി ജനറൽ സെക്രട്ടറി വി കെ ശശികലയ്ക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. തന്നെ നിർബന്ധിച്ച് രാജിവയ്പ്പിച്ചതാണെന്നും ശശികലയെ പിന്തുണയ്ക്കാൻ നിർബന്ധിതനായെന്നും പനീർശെൽവം പറഞ്ഞു.
മറീന ബീച്ചിൽ അരമണിക്കൂറിലധികം ജയലളിതയുടെ സമാധിസ്ഥലത്ത് ധ്യാനത്തിലിരുന്ന ശേഷം കരഞ്ഞുകലങ്ങിയ കണ്ണുകളോടെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു.
പാർട്ടിയെ രക്ഷിക്കാനാണ് താൻ ഇത്തരമൊരു വാർത്താസമ്മേളനം നടത്തുന്നതെന്ന് പനീർശെൽവം പറഞ്ഞു.
ജയലളിതയുടെ പാത പിന്തുടർന്ന് കഴിഞ്ഞ രണ്ടുമാസത്തോളം മികച്ച ഭരണം നടത്താനാണ് ശ്രമിച്ചത്. എന്നാൽ മന്ത്രി ആർ ബി ഉദയകുമാറിൻറെ നേതൃത്വത്തിൽ തനിക്കെതിരെ ഒരു സംഘം നീക്കം നടത്തി. തൻറെ പ്രവർത്തനങ്ങളിൽ അതൃപ്തിയുണ്ടെന്നാണ് അവർ പറഞ്ഞത്. ഞാൻ പലപ്പോഴും അപമാനിക്കപ്പെട്ടു. മധുസൂദനനെ ജനറൽ സെക്രട്ടറിയാക്കണമെന്നാണ്
ജയലളിത ആഗ്രഹിച്ചത്. എന്നാൽ
ശശികല ജനറൽ സെക്രട്ടറിയാകാൻ തന്നെ ഉദയകുമാറും കൂട്ടരും നിർബന്ധിക്കുകയായിരുന്നു - പനീർശെൽവം പറഞ്ഞു.
ജനങ്ങൾ പിന്തുണച്ചാൽ താൻ മുഖ്യമന്ത്രിയായി തുടരുമെന്ന് പറഞ്ഞാണ് പനീർശെൽവം വാർത്താസമ്മേളനം അവസാനിപ്പിച്ചത്.
എന്തായാലും അണ്ണാ ഡി എം കെ ഒരു പിളർപ്പിലേക്ക് നീങ്ങുകയാണ്. താൽക്കാലിക മുഖ്യമന്ത്രിയായി പനീർശെൽവം തുടരുമെങ്കിലും ഒരു ഭരണപ്രതിസന്ധി തമിഴ്നാട്ടിൽ ഉടലെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല.
പനീർശെൽവത്തിന് പാർട്ടി എം എൽ എമാരുടെ പിന്തുണയില്ലെന്നും പനീർശെൽവം ഇപ്പോൾ അസംബന്ധം പറയുകയായിരുന്നെന്നും അണ്ണാ ഡി എം കെ വക്താവ് അറിയിച്ചു.