ഒടുവില്‍ മമത വഴങ്ങി; ഉദ്യോഗസ്ഥരെ സ്ഥലം മാറ്റും

കൊല്‍ക്കത്ത| WEBDUNIA|
PTI
PTI
ഒടുവില്‍ മമത വഴങ്ങി. ബംഗാളിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എട്ട് ഉദ്യോഗസ്ഥരെ ഇന്ന് സ്ഥലംമാറ്റും. ആദ്യം ഉത്തരവ് പാലിക്കാന്‍ വിസമ്മതിച്ച മമത ബാനര്‍ജി തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ നിലപാട് തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും പ്രതികരിച്ചു. ഇതാണ് മമതയുടെ നിലപാട് മാറ്റത്തിന് കാരണം. എന്നാല്‍ പകരം നിയമിക്കുന്ന ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കണമെന്ന് മമത ബാനര്‍ജി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷനെ അവഗണിക്കുന്നില്ലെന്നും കമ്മീഷന്‍ രാഷ്ട്രീയം കളിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും മമത വ്യക്തമാക്കി. ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ ബംഗാള്‍ സര്‍ക്കാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടിയിരുന്നു.

പശ്ചിമ ബംഗാളില്‍ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നെന്ന് പരാതിയുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയതാണ് മമതയെ ചൊടിപ്പിച്ചത്. ഏപ്രില്‍ 17ന് അഞ്ചാംഘട്ടത്തിലാണ് പശ്ചിമബംഗാളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :