സുനന്ദയുടെ മരണം: തരൂരിന് നോട്ടീസ് അയച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി| Last Modified വ്യാഴം, 8 ജനുവരി 2015 (14:21 IST)
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും മുന്‍കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് നോട്ടീസ് അയച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച മാധ്യമപ്രതിനിധികളെ കണ്ടാണ് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ഇക്കാര്യം അറിയിച്ചത്. സുനന്ദയുടെ മരണം സംബന്ധിച്ച് അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്കിയതായി അദ്ദേഹം അറിയിച്ചു.

നേരത്തെ, കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി തരൂരിന് നോട്ടീസ് നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ വിശദീകരണം.

കേസുമായി ബന്ധപ്പെട്ടുള്ള തെളിവുകളും അഭിപ്രായങ്ങളും ശേഖരിച്ചു വരികയാണെന്നും കമ്മീഷണര്‍ ബി എസ് ബസ്സി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ, തരൂരിന് നോട്ടീസ് ലഭിച്ചെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ ഓഫീസ് നിഷേധിച്ചിരുന്നു.

അന്വേഷണം വേഗത്തിലാക്കിയതിനു ശേഷം ആരെ ചോദ്യം ചെയ്യണമെന്ന് തീരുമാനിക്കും. ഇതിനിടെ, സുനന്ദയുടെ ആന്തരികാവയവങ്ങളുടെ സാംപിളുകള്‍ പരിശോധനയ്ക്ക് വിദേശത്തേക്ക് അയയ്ക്കുന്നതിനായി അനുമതി തേടി ഡല്‍ഹി പൊലീസ് കോടതിയെ സമീപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :