ഉദയകുമാറിനെ ബോട്ടില്‍ കടത്തി; കൂടംകുളത്ത് നാടകീയരംഗങ്ങള്‍

കൂടംകുളം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
PTI
കൂടംകുളം ആണവനിലയത്തിനെതിരായ പ്രതിഷേധം തമിഴ്നാട് മുഴുവന്‍ ആളിപ്പടരുകയാണ്. പ്രതിഷേധത്തിന് തീവ്രത കൂടിവരുമ്പോള്‍ സമരസമിതി നേതാവ് ഉദയകുമാര്‍ എവിടെപ്പോയി എന്ന ചോദ്യമാണ് ഉയരുന്നത്. പൊലീസിന് മുന്നില്‍ കീഴടങ്ങുമെന്ന് ഉദയകുമാര്‍ നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇദ്ദേഹം ഇപ്പോള്‍ അപ്രത്യക്ഷനായിരിക്കുകയാണ്. കഴിഞ്ഞ രാത്രിവരെ അദ്ദേഹം കീഴടങ്ങിയിരുന്നില്ല. അതിന് ശേഷം അദ്ദേഹത്തെ കാണാനുമില്ല.

ഉദയകുമാറിനെ പൊലീസിന് മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച സമരക്കാര്‍ അദ്ദേഹത്തെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഗ്രാമീണര്‍ അദ്ദേഹത്തെ ബോട്ടില്‍ കയറ്റി രഹസ്യകേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. ഉദയകുമാന്‍ എവിടെ എന്ന ചോദ്യത്തിന് പൊലീസിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. ഉദയകുമാര്‍ കീഴടങ്ങരുതെന്ന് ചൊവ്വാഴ്ച സമരവേദിയില്‍ എത്തിയ ഇന്ത്യാ എഗെയിന്‍സ്റ്റ് കറപ്ഷന്‍ നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു.

കൂടംകുളത്തും പരിസരപ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് 30 ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചിരുന്നു.

നിലയത്തിന് മദ്രാസ് ഹൈക്കോടതി പച്ചക്കൊടി കാണിച്ചതോടെയാണ് ഇന്ധനം നിറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :