പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതിനെതിരെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. ഇടതുപക്ഷ സര്‍വീസ് സംഘടനകളും ബി ജെ പി അനുകൂല സംഘടനകളുമാണ് പണിമുടക്കിന് നോട്ടീസ് നല്‍കിയത്.
ട്രാന്‍സ്‌പോര്‍ട്ട് ബസ് എംപ്ലോയീസ് അസോസിയേഷനാണ് പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കെ എസ് ആര്‍ ടി സി സര്‍വീസ് പലയിടത്തും തടസപ്പെട്ടു. ചിലയിടങ്ങളില്‍ പണിമുടക്ക് അനുകൂലികള്‍ ബസ് തടയുന്നുണ്ട്. വൈദ്യുതി ബോര്‍ഡിലും പണിമുടക്ക് ബാധിച്ചിട്ടുണ്ട്.
ജോലിക്കെത്തുന്നവരെ തടയുന്നവരെ കര്‍ശനമായി നേരിടുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്നതിനെതിരെയുള്ള എല്ലാ വകുപ്പുകളും ചുമത്തി കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അതേസമയം, പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നത്തെ ശമ്പളം ലഭിക്കില്ല. സെപ്റ്റംബറിലെ ശമ്പളത്തില്‍ നിന്ന് ഈ തുക പിടിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
പണിമുടക്കു ദിവസം ജീവനക്കാര്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ അസുഖമോ പ്രസവ, ചികിത്സാര്‍ഥമുള്ള അവധിയോ അല്ലാതെ മറ്റ് അവധികള്‍ അനുവദിക്കില്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയെടുക്കുന്നവരില്‍ നിന്നു നിര്‍ബന്ധമായും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങും.