ഇളവരശന്റെ മരണകാരണം കണ്ടെത്തണം; മൃതദേഹം പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
ചെന്നൈ|
WEBDUNIA|
PRO
PRO
പ്രണവിവാഹത്തെ തുടര്‍ന്നുണ്ടായ ജാതി കലാപത്തില്‍ മരിച്ച ഇളവരശന്റെ മരണം ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് കണ്ടെത്താന്‍ ചെന്നൈ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇളവരശന്റെ മൃതദേഹം പരിശോധിച്ച് മരണകാരണം കണ്ടെത്തണമെന്ന് വെല്ലൂര്‍ കൃസ്ത്യന്‍ മെഡിക്കല്‍ കോളേജ് ഡോക്ടറോടാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മരണത്തെ സംബന്ധിച്ചുള്ള ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇളവരശന്റെ മൃതദേഹം രണ്ടാമതും പോസ്റ്റുമോര്‍ട്ടം ചെയ്യണമോയെന്ന് തീരുമാനിക്കുക. ശരീരപരിശോധനയില്‍ 30 വര്‍ഷത്തില്‍ കൂടുതല്‍ അനുഭവമുള്ള ഡോക്ടറിനായിരിക്കും മൃതദേഹ പരിശോധനയുടെ ചുമതല. ബുധനാഴ്ച രണ്ട് ഹൈക്കോടതി ജഡ്ജിമാരും ഫോറന്‍സിക് വിദഗ്ധനും അടങ്ങിയ ഒമ്പതംഗ സംഘം ഇളവരശന്റെ ആദ്യ പോസ്റ്റുമോര്‍ട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടിരുന്നു.
വീഡിയോ ദൃശ്യങ്ങള്‍ വീക്ഷിച്ച ഏഴ് വിദഗ്ധ ഡോക്ടര്‍മാരില്‍ ആറു പേരും രണ്ടാം പോസ്റ്റുമോര്‍ട്ടം വേണ്ടെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഇളവരശന്റെ കുടുംബത്തിന്റെ അഭിപ്രായപ്രകാരം നിയോഗിച്ച ഡോക്ടര്‍ ദേകല്‍ മാത്രമാണ് രണ്ടാം പോസ്റ്റുമോര്‍ട്ടം വേണമെന്ന നിലപാട് എടുത്തത്. ആദ്യ റിപ്പോര്‍ട്ടിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും പോലീസ് അന്വേഷണത്തിനെ സഹായിക്കുന്നതിനും സത്യം എന്താണെന്ന് കണ്ടെത്തുന്നതിന് കോടതിയെ സഹായിക്കുന്നതിനും രണ്ടാം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സഹായകമാകുമെന്ന് ഡോക്ടര്‍ ദേകല്‍ പറഞ്ഞു.
ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ പരുക്ക് മൂലമാണ് ഇളവരശന്‍ മരിച്ചതെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ ഇളവരശന്റെ കുടുംബം ഇത് കള്ളക്കള്ളിയാണെന്നും ഇതിന് ഉത്തരവാദികള്‍ വാണിയാര്‍ വിഭാഗവും പിഎംകെ പാര്‍ട്ടിയുമാണെന്നും ആരോപിക്കുന്നു. എന്നാല്‍ പിഎംകെ പാര്‍ട്ടി ഈ ആരോപണം നിഷേധിച്ചു. ഇളവരശന്റേത് ആത്മഹത്യയാണെന്നാണ് പോലീസ് വൃത്തങ്ങളും അവകാശപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് വ്യത്യസ്ത ജാതി വിഭാഗങ്ങളില്‍ പെട്ട ദിവ്യയും ഇളവരശനും വിവാഹിതരാകുന്നത്. ദിവ്യയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തതിനു ശേഷമാണ് ജാതി വിഭാഗങ്ങള്‍ സംഭവം ഏറ്റെടുത്ത് വഷളാക്കിയത്. ഏതാണ്ട് 250ഓളം ദളിത് ഭവനങ്ങളെ ഇതിന്റെ പേരില്‍ അക്രമങ്ങള്‍ക്കിരയാക്കി. കഴിഞ്ഞ ബുധനാഴ്ച കോടതിയില്‍ ഹാജരായ ഇളവരശന്റെ ഭാര്യ ദിവ്യ, ഇരുവിഭാഗങ്ങളും തമ്മിലുള്ള വിദ്വേഷവും അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകളും കാരണം ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരികെ പോകുന്നില്ലെന്ന് അറിയിച്ചു. പിറ്റേ ദിവസം ധര്‍മ്മപുരി റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ ട്രാക്കിനടുത്തായി ഇളവരശനെ മരിച്ച നിലയില്‍ കണ്ടെത്തി.