ഇന്ത്യന്‍ കരുത്തുകാട്ടി സൂപ്പര്‍ ഹെര്‍ക്കുലീസ് ലഡാക്കിലിറങ്ങി

ന്യൂഡ‌ല്‍ഹി| WEBDUNIA|
PRO
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള വ്യോമത്താവളമായ അടുത്തിടെ ചൈനയുമായി അതിർത്തി പ്രശ്നമുണ്ടായ കിഴക്കന്‍ ലഡാക്കില്‍ ദൗലത്ത് ബേഗ് ഓള്‍ഡിയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം ചൊവ്വാഴ്ച പറന്നിറങ്ങി.

ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുകയറ്റം പതിവാക്കിയ ചൈനയ്ക്ക് ഇത് ശക്തമായ സന്ദേശമാകുമെന്നാണ് പ്രതിരോധകേന്ദ്രങ്ങള്‍ കരുതുന്നത്. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇരുരാജ്യങ്ങളും ചര്‍ച്ച തുടങ്ങിയദിവസമാണ് ഇന്ത്യന്‍ വ്യോമസേന കരുത്തറിയിച്ചത്.

നിയന്ത്രണരേഖയ്ക്ക് സമീപം ദൗലത്ബെഗ് ഓള്‍ഡി സ്ട്രിപ്പിലാണ് സി​- 130 ജെ വിമാനം ഇന്ത്യ ലാന്‍ഡു ചെയ്യിച്ചത്. ഇരുപത് ടണ്‍ വരെ ഭാരം വഹിക്കാന്‍ കഴിയുന്ന വിമാനങ്ങളാണ് ഇവ.

ഹിൻഡനിലെ ബേസില്‍ നിന്ന് പുറപ്പെട്ട വിമാനങ്ങളാണ് സമുദ്രനിരപ്പില്‍ നിന്ന് 16,​614 അടി ഉയ​രത്തില്‍ സ്ഥിതി ചെയ്യുന്ന അക്സായ് ചിന്നിലെ ദൗലത്ബെഗ് ഓള്‍ഡിയില്‍ സുരക്ഷിതമായി ലാൻഡു ചെയ്തത്.

1962ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തപ്പോള്‍ നിര്‍മ്മിച്ച എയര്‍സ്ട്രിപ്പാണ് ദൗലത്ബെഗ്. ചൈനയിലേക്കുള്ള പ്രധാന പാതയായിരുന്നു ഇത്. 1962നും 65നും ഇടയില്‍ അവിടെ ഇന്ത്യയുടെ വ്യോമസേനാ വിമാനങ്ങൾ വരികയും പോവുകയും ചെയ്തിരുന്നു.

ഗ്രൂപ്പ് ക്യാപ്റ്റന്‍ തേജ്ബീര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള 'വീല്‍ഡ് വൈപ്പേഴ്‌സ്' സംഘമാണ് സൂപ്പര്‍ ഹെര്‍ക്കുലീസില്‍ ദൗലത്ത് ബേഗ് ഓള്‍ഡിയിലിറങ്ങിയത്.ദുര്‍ഘടം പിടിച്ച ഇടങ്ങളില്‍പ്പോലും കരസേനയെ സഹായിക്കാന്‍ വ്യോമസേനയ്ക്ക് കുതിച്ചെത്താനാകുമെന്ന് എതിരാളികളെ അറിയിക്കാന്‍ ഇന്ത്യയ്ക്കായി.

സൈനികര്‍ക്ക് ഭക്ഷണമുള്‍പ്പടെയുള്ള വസ്തുക്കളെത്തിക്കാനും മെച്ചപ്പെട്ട വാര്‍ത്താവിനിമയ സംവിധാനങ്ങളൊരുക്കാനും ഇതുവഴി കഴിയും. സൈനികര്‍ക്ക് ആത്മവീര്യം പകരുന്നതാണ് വ്യോമസേനയുടെ ചൊവ്വാഴ്ചത്തെ നേട്ടം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :