ഇന്ത്യന്‍ കപ്പല്‍ ജോലിക്കാരെ വിട്ടയച്ചു

മൊഗാദിഷു| WEBDUNIA|
PRO
സൊമാലി കൊള്ളക്കാര്‍ തട്ടിയെടുത്ത അസ്ഫാല്‍റ്റ് വെഞ്ച്വര്‍ എന്ന കപ്പലിലെ 15 ഇന്ത്യന്‍ തൊഴിലാളികളെയും വിട്ടയച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വംശജരായ കപ്പല്‍ ജോലിക്കാരെ വിട്ടയയ്ക്കാന്‍ കൊള്ളക്കാര്‍ ഉപാധികള്‍ മുന്നോട്ട് വച്ചിരിക്കുന്നു എന്ന റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് എല്ലാ ജോലിക്കാരെയും വിട്ടയച്ചതായുള്ള വാര്‍ത്ത ‘സൊമാലിയ റിപ്പോര്‍ട്ട്’ എന്ന വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസമാണ് കൊള്ളക്കാര്‍ തൊഴിലാളികളെയും കപ്പലും വിട്ടയച്ചത്. 50 ലക്ഷം ഡോളര്‍ മോചദ്രവ്യം കൈപ്പറ്റിയ ശേഷമായിരുന്നു മോചിപ്പിക്കല്‍.

ഇന്ത്യന്‍ തൊഴിലാളികളെ വിട്ടയയ്ക്കണം എങ്കില്‍ ഇന്ത്യന്‍ നാവിക സേന അറസ്റ്റ് ചെയ്തിരിക്കുന്ന 100 കൊള്ളക്കാരെ മോചിപ്പിക്കണം എന്നാണ് കൊള്ളക്കാര്‍ ആവശ്യപ്പെടുന്നത് എന്നും സൊമാലി തീരത്തെ എല്ലാ കൊള്ള സംഘങ്ങളും ഇക്കാര്യത്തിനു പിന്നില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഹസന്‍ ഫര എന്ന കൊള്ളക്കാരന്‍ ഒരു വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അസ്ഫാല്‍റ്റ് വെഞ്ച്വര്‍ എന്ന കപ്പലിന്റെ ഉടമകള്‍ ഷാര്‍ജയിലുള്ള ഒരു കമ്പനിയാണെങ്കിലും മുംബൈ ആസ്ഥാനമായുള്ള ഒ എം സിഐ ഷിപ്പ് മാനേജ്മെന്റ് കമ്പനിയുടെ ഉപയോഗത്തിലാണുള്ളത്. കഴിഞ്ഞ സെപ്തംബറിലാണ് കപ്പല്‍ കടല്‍ കൊള്ളക്കാരുടെ പിടിയിലായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :