പാകിസ്ഥാന്‍ നാവിക സേന ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഒരു പരസ്യത്തില്‍ ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകളും! അറബിക്കടലില്‍ നടക്കാനിരിക്കുന്ന ഒരു സംയുക്ത നാവികാഭ്യാസത്തിന്റെ പരസ്യത്തിലാണ് ഇന്ത്യന്‍ കപ്പലുകളും സ്ഥാനം നേടിയിരിക്കുന്നത്. ഈ നാവികാഭ്യാസത്തില്‍ ഇന്ത്യ പങ്കെടുക്കുന്നില്ല.
അമാന്‍-11 എന്ന സംയുക്ത നാവികാഭ്യാസത്തിന്റെ പരസ്യം ‘ദ നേഷന്‍’, ‘നവ-ഇ-വക്ത്’ എന്നീ പാകിസ്ഥാന്‍ പത്രങ്ങളിലാണ് പരസ്യപ്പെടുത്തിയത്. ഇന്ത്യന്‍ കപ്പലുകള്‍ക്ക് പുറമെ യുഎസ് പടക്കലുകളും ഉള്‍പ്പെടുത്തിയിട്ടുള്ള പരസ്യത്തിന്റെ അടിക്കുറിപ്പ് “സമാധാനത്തിനായി ഒത്തൊരുമിച്ച്” എന്നാണ്.
ഇന്ത്യയുടെ ഡല്‍ഹി, ഗോദാവരി, തല്‍വാര്‍ എന്നീ യുദ്ധക്കപ്പലുകളാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മേഖലയില്‍ സമാധാനവും സഹകരണവും വര്‍ദ്ധിപ്പിക്കുക, കടല്‍ക്കൊള്ളക്കാരെ ചെറുക്കുക തുടങ്ങിയ ലക്‍ഷ്യങ്ങളോടെ നടത്തുന്ന സംയുക്ത അഭ്യാസത്തില്‍ 39 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധം അത്ര മെച്ചമല്ലാത്തതിനാല്‍ ഇന്ത്യയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ല.
ഇന്ത്യയ്ക്കും പാകിസ്ഥാനും ഇത്തരം അബദ്ധങ്ങള്‍ പറ്റുന്നത് സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ പാകിസ്ഥാനിലെ പഞ്ചാബ് പൊലീസ് പ്രസിദ്ധീകരിച്ച ഒരു പരസ്യത്തില്‍ ഇന്ത്യയിലെ പഞ്ചാബ് പൊലീസിന്റെ ചിഹ്നമായിരുന്നു പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യ പ്രസിദ്ധീകരിച്ച ഒരു പരസ്യത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും ക്രിക്കറ്റ് താരം കപില്‍ദേവിന്റെയും ചിത്രങ്ങള്‍ക്ക് ഒപ്പം പാകിസ്ഥാന്‍ വ്യോമസേനയുടെ മുന്‍ തലവന്‍ തന്‍വീര്‍ മഹ്മൂദ് അഹമ്മദിന്റെ ചിത്രം പ്രസിദ്ധീകരിച്ചത് വന്‍ വിവാദമായിരുന്നു.