ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ഇന്ത്യന്‍ മുജാഹിദ്ദീനും താലിബാനും കൈകോര്‍ക്കുന്നതായി സൂചനകള്‍. ജൂണില്‍ അറസ്റ്റിലായ ഡാനിഷ് റിയാസ് എന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇന്ത്യന്‍ ഭീകരര്‍ക്ക് താലിബാനുമായുള്ള ബന്ധം വ്യക്തമായത് എന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡാനിഷ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാരൂണ്‍ എന്ന ഭീകരനുമായി ബന്ധം പുലര്‍ത്തിയിരുന്നു. ഇവര്‍ക്ക് രാജ്യത്തിനു വെളിയിലുള്ള ഭീകരരുമായും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത് എന്ന് ഇയാളുടെ ഇ-മെയിലുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സൂചന ലഭിച്ചത്.
ഭീകര പരിശീലനത്തിനായി ഇന്ത്യയില്‍ നിന്ന് പത്ത് പേരെ പാകിസ്ഥാനിലേക്കും അവിടെ നിന്ന് അഫ്ഗാനിസ്ഥാനിലേക്കും കടത്താന്‍ പദ്ധതിയിട്ടിരുന്നതായും വ്യക്തമായിട്ടുണ്ട്. എന്നാല്‍, ഇവരെ വിദേശത്തേക്ക് അയച്ചോ എന്ന് അന്വേഷിച്ചുവരികയാണ്.
ഡാനിഷിന് ഗുജറാത്തിലെ ചില യുവാക്കളുമായും ബന്ധമുണ്ടായിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനായ അബ്ദുള്ളയ്ക്ക് മുംബൈ ഭീകരാക്രമണവുമായി ബന്ധമുണ്ട് എന്ന് മഹാരാഷ്ട്ര എടിഎസ് സംശയിക്കുന്നുണ്ട്. ഇയാള്‍, ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ഥാപകനായ ആമിര്‍ റാസയുമായി അടുത്ത ബന്ധമുള്ള ആളാണെന്നാണ് കരുതുന്നത്. ഇതെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്കും തിരിച്ചും യാത്ര ചെയ്തവരുടെ വിവരങ്ങള്‍ റയില്‍വെയില്‍ നിന്നും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
യുപിയിലെ അസംഗഡിലുള്ള ഇന്ത്യന്‍ മുജാഹിദ്ദീന്‍ വിഭാഗത്തെയും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.