എയര്‍ ഇന്ത്യ കിംഗ് ഫിഷറിന്റെ സഹായം തേടുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 30 ഏപ്രില്‍ 2011 (18:09 IST)
PRO
PRO
പൈലറ്റുമാരുടെ സമരം അനിശ്ചിതമായി നീളുന്നതിനെത്തുടര്‍ന്നു യാത്രാക്ലേശം പരിഹരിക്കാന്‍ എയര്‍ ഇന്ത്യ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്‍റെ സഹായം തേടുന്നു. ഒരു സ്വകാര്യ ചാനലാണു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കിംഗ് ഫിഷറിന്‍റെ എയര്‍ ബസുകള്‍ പ്രതിദിനം ഒരു കോടി രൂപ വാടകയ്ക്കാണ് എയര്‍ ഇന്ത്യ എടുക്കുന്നത്. പൈലറ്റുമാരും ജോലിക്കാരും ഇതില്‍ ഉള്‍പ്പെടും. ഇവരുടെ ജോലി സംബന്ധിച്ച ക്രമീകരണങ്ങളും നിര്‍ദേശങ്ങളും ഉടന്‍ നല്‍കുമെന്നുമാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നു യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തു തുടങ്ങിയതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശമ്പള വര്‍ധന ആവശ്യപ്പെട്ടു 850ഓളം പൈലറ്റുമാര്‍ നടത്തുന്ന സമരം നാലാം ദിവസം കടന്നിരിക്കുകയാണ്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതലാണ് എയര്‍ ഇന്ത്യയുടെ പൈലറ്റുമാര്‍ സമരം ആരംഭിച്ചത്. ശമ്പളവര്‍ദ്ധനയല്ല മെച്ചപ്പെട്ട ജീവിത സാഹചര്യമാണ് തങ്ങള്‍ ആവശ്യപ്പെടുന്നത് എന്ന് സമരക്കാര്‍ പറഞ്ഞു. ഇന്ത്യന്‍ എയര്‍‌ലൈന്‍സ്- എയര്‍ ഇന്ത്യ ലയന സമയത്ത് പറഞ്ഞിരുന്ന വാഗ്ദാനങ്ങളൊന്നും മാനേജ്‌മെന്റ് പാലിച്ചിട്ടില്ല എന്നും ആവശ്യങ്ങള്‍ നേടുന്നത് വരെ സമരം തുടരും എന്നും സമരക്കാര്‍ വ്യക്തമാക്കി.

ഇതിനിടെ, സമരം നടത്തുന്ന ഐസിപി‌ടി‌എ എന്ന സംഘടനയുടെ അംഗീകാരം റദ്ദാക്കി. സംഘടനയുടെ മുംബൈയിലെയും ഡല്‍ഹിയിലെയും ഓഫീസുകള്‍ അടച്ചുപൂട്ടി. ഡല്‍ഹി ഹൈക്കോടതി സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :