ആന്റിക്കൊപ്പം പയ്യന്‍ മുങ്ങി; ഗ്രാമീണര്‍ അടിയോടടി!

ഭോപ്പാല്‍| WEBDUNIA|
PRO
PRO
മുപ്പത്തിയഞ്ച് വയസുകാരിയായ ആന്റിക്കൊപ്പം പത്തൊമ്പതുകാരനായ മരുമകന്‍ മുങ്ങിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തമ്മില്‍ കൂട്ടയടി. മധ്യപ്രദേശിലെ മൊറീന ജില്ലയിലെ ഖദോലി ഗ്രാമത്തിലാണ് ഈ സംഭവം അരങ്ങേറിയത്. നീതു ശിക്കാര്‍വര്‍ എന്ന യുവതിയാണ് മരുമകനായ അവ്ദേശ് ശിക്കാര്‍വര്‍ക്കൊപ്പം മുങ്ങിയത്. തുടര്‍ന്നുണ്ടായ അടിപിടിയില്‍ ആയിരത്തിയഞ്ഞൂറിലേറെ പേരാണ് പങ്കെടുത്തത്. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് പ്രദേശത്തിപ്പോള്‍ പൊലീസ് ക്യാംപ് ചെയ്യുകയാണ്.

സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ - അയ്യായിരത്തിലേറെ ആളുകള്‍ പാര്‍ക്കുന്ന ഖദോലി ഗ്രാമത്തിലാണ് നീതുവും അവ്ദേശും താമസിക്കുന്നത്. ഗുജറാത്തിലെ സൂററ്റില്‍ കല്ലൊര (ഡയമണ്ട് പോളിഷിംഗ്) തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അവ്ദെശ്. 20 വര്‍ഷമായി ഭര്‍ത്താവിനൊപ്പം കഴിയുന്ന നീതുവും മരുമകനും തമ്മില്‍ എന്തോ ചുറ്റിക്കളി ഉണ്ടെന്ന് ഗ്രാമത്തിലുള്ളവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ ഈ ബന്ധം ഓടിപ്പോക്കില്‍ കലാശിക്കുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

ഇക്കഴിഞ്ഞ ശനിയാഴ്ചയാ‍ണ് ഇരുവരും ഗ്രാമം വിട്ട് ഓടിപ്പോയത്. സൂററ്റില്‍ നിന്ന് അവധിയില്‍ എത്തിയ അവ്ദേശിനോട് തനിക്കിനി പ്രണയം ഒളിപ്പിച്ച് വച്ച് ഭര്‍ത്താവിനൊപ്പം കഴിയാനാകില്ല എന്ന് നീതു അറിയിക്കുകയായിരുന്നു. മരുമകനൊപ്പം ഭാര്യ ഓടിപ്പോയ കഥയറിഞ്ഞ ഭര്‍ത്താവ്, മായാറാം ശിക്കാര്‍വര്‍ ഉടന്‍ തന്നെ ‘കട്ടപ്പഞ്ചായത്ത്’ വിളിച്ചുകൂട്ടി. സംഗതിയറിഞ്ഞ് കോപാകുലരായ എഴുന്നൂറുപേര്‍ ചേര്‍ന്ന് ഞായറാഴ്ച രാവിലെ അവ്ദേശിന്റെ വീട് വളയുകയും വീട്ടിലുണ്ടായിരുന്ന ഒരു വിവാഹിതയായ യുവതിയെ ബന്ദിയായി പിടിക്കുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് ഗ്രാമീണര്‍ രണ്ട് വിഭാഗങ്ങളായി പിരിയുകയും മാരകായുധങ്ങളുമായി പരസ്പരം ആക്രമിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്ത് കുതിച്ചെത്തി. നീതുവിനെ തിരിച്ചുകൊണ്ടുവരാന്‍ അവ്ദേശിന്റെ കുടുംബത്തിന് കഴിഞ്ഞില്ലെങ്കില്‍ ബന്ദിയാക്കപ്പെട്ട ഭര്‍തൃമതി മായാറാമിന്റെ ഭാര്യയാകും എന്നാണ് കട്ടപ്പഞ്ചായത്ത് വിധിച്ചിരിക്കുന്നത് എന്നറിയുന്നു.

പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ പ്രണയബദ്ധരാവുകയും നാടുവിടുകയും ചെയ്ത സംഭവത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ് പൊലീസിന്റെ നിലപാട്. എന്നാല്‍, ഭര്‍തൃമതിയായ യുവതിയെ നീതുവിന്റെ ഭര്‍ത്താവും സംഘവും ബന്ദിയാക്കിയിരിക്കുന്നത് ഗൌരവകരമായ സംഭവമാണെന്നും നടപടി ഉടനുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :