ആന്ധ്രാപ്രദേശില്‍ എംഎല്‍എയ്ക്ക് വെടിയേറ്റു

WEBDUNIA|
PRO
ആന്ധ്രാപ്രദേശ് എംഎല്‍എ അക്ബറുദ്ദീന്‍ ഒവൈസിക്ക് വെടിയേറ്റു. ശനിയാഴ്ച രാവിലെയാണ് സംഭവം. സംഭവത്തിന് പിന്നിലാരെണെന്ന് വ്യക്തമല്ല. നെഞ്ചിന് വെടിയേറ്റ ഇദ്ദേഹത്തെ ഡെക്കാന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എംഐഎം) പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന യുവ നേതാവാണ് അക്ബറുദ്ദീന്‍.

പോലീസ് കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രശ്ന സാധ്യത കണക്കിലെടുത്ത് ദ്രുത കര്‍മ്മ സേന സംഭവസ്ഥലത്തും നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും നിലയുറപ്പിച്ചിട്ടുണ്ട്. അക്ബറുദ്ദീനെ പ്രവേശിപ്പിച്ച ആശുപത്രി പരിസരത്തും കനത്ത സുരക്ഷയാണ് എര്‍പ്പെടുത്തിയിട്ടുള്ളത്.

പാര്‍ട്ടി അനുയായികളുടെയും നേതാക്കളുടെയും വലിയ നിര തന്നെ ആശുപത്രി പരിസരത്തുണ്ട്. നടന്നതെന്താണെന്ന് അവലോകനം ചെയ്യാനായി ആഭ്യന്തരമന്ത്രി സബിത ഇന്ദിര റെഡ്ഡി, ഡിജിപി കെ അരവിന്ദ റാവു എന്നിവരുമാ‍യി മുഖ്യമന്ത്രി എന്‍ കിരണ്‍ കുമാര്‍ റെഡ്ഡി ചര്‍ച്ച നടത്തി.

അക്ബറുദ്ദീന്‍ ഒവൈസിയുടെ സഹോദരനാണ് എംഐഎം പ്രസിഡന്റ് എംപി അസദുദ്ദീന്‍. ഗുരുതരാവസ്ഥയില്‍ തുടരുന്ന ഇദ്ദേഹത്തിന്റെ നിലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :