ആന്ധ്രയില്‍ പുതിയ പാര്‍ട്ടി, ‘YSR കോണ്‍ഗ്രസ്’

കടപ്പ| WEBDUNIA|
PRO
PRO
അന്തരിച്ച മുന്‍ ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി വൈഎസ്‌ റെഡ്‌ഡിയുടെ മകനും മുന്‍ കോണ്‍ഗ്രസ്‌ എംപിയുമായ ജഗന്‍മോഹന്‍ റെഡ്‌ഡി വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. കടപ്പ ജില്ലയിലെ ഇടുപുലപ്പായ എന്ന സ്ഥലത്ത് വച്ച് നടന്ന ലളിതമായ ചടങ്ങില്‍ വച്ച് റെഡ്ഡി പാര്‍ട്ടിയുടെ പതാക പ്രകാശനം ചെയ്തു. വൈഎസ്ആറിന്റെ ചിത്രം ആലേഖനം ചെയ്ത മൂവര്‍ണക്കൊടിയായിരിക്കും പാര്‍ട്ടിയുടെ പതാക. വെള്ള, പച്ച, നീല നിറങ്ങളാണ് പതാകയില്‍ ഉണ്ടായിരിക്കുക.

പാര്‍ട്ടിയുടെ പതാക പ്രകാശനം ചെയ്യുമ്പോള്‍ വൈഎസ്‌ രാജശേഖര റെഡ്‌ഡിയുടെ ഭാര്യ വിജയമ്മയും ജഗന്‍ മോഹന് ഒപ്പമുണ്ടായിരുന്നു. ഇടുപുലപ്പായയിലുള്ള വൈ‌എസ്‌ആര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പാര്‍ട്ടിയുടെ പതാക ഔദ്യോഗികമായി പ്രകാശനം ചെയ്യപ്പെട്ടത്. ജഗന്റെ ഭാര്യ ഭാരതിയും സഹോദരി ശര്‍മിളയും പരിപാടിയില്‍ സംബന്ധിച്ചു. പാര്‍ട്ടി പതാക പ്രകാശനം ചെയ്തുകൊണ്ട് ഐതിഹാസികമായ വാഗ്ദാനങ്ങളാണ് ജഗന്‍ ആന്ധ്രയിലെ ജനങ്ങള്‍ക്ക് മുന്നില്‍ വച്ചിരിക്കുന്നത്.

വീടില്ലാത്തവര്‍ക്ക് വീട്, വയസായവര്‍ക്ക് പെന്‍‌ഷന്‍, രണ്ട് രൂപയ്ക്ക് ഒരു കിലോ അരി, എല്ലാവര്‍ക്കും ആരോഗ്യ ഇന്‍‌ഷൂറന്‍സ്, പാവപ്പെട്ടവര്‍ക്ക് സൌജന്യ വൈദ്യുതി, കൃഷി ചെയ്യാന്‍ ഇടമില്ലാത്തവര്‍ക്ക് കൃഷിഭൂമി, എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന് തുടങ്ങി ഒമ്പത് സ്വപ്ന വാഗ്ദാനങ്ങളാണ് ജഗന്‍ നല്‍‌കിയിരിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍‌ഗ്രസിന് കടപുഴക്കി, വൈ‌എസ്‌ആറിന്റെ സ്വപ്നസര്‍ക്കാര്‍ ആന്ധ്രയില്‍ സ്ഥാപിക്കുക എന്നതാണ് തന്റെ ലക്‌ഷ്യമെന്ന് മാധ്യമങ്ങളോട് ജഗന്‍ പറഞ്ഞു.

ജഗനെ കാണാന്‍ ലക്ഷക്കണക്കിന് വൈ‌എസ്‌ആര്‍ ആരാധകര്‍ എത്തിയിരുന്നു. എന്നാല്‍ പരിപാടിക്ക് യാതൊരു തരത്തിലുള്ള സുരക്ഷയും നല്‍‌കാന്‍ ആന്ധ്രാ സര്‍ക്കാര്‍ തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. ഒരൊറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ പോലും ചടങ്ങ് നടക്കുന്ന പരിസരത്ത് ഉണ്ടായിരുന്നില്ല. ജഗന്റെ സ്വന്തം ‘ബ്ലാക്ക് ടൈഗര്‍’മാരാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. കടപ്പ ജില്ലയില്‍ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പാര്‍ട്ടി പതാക പ്രകാശിപ്പിച്ച ചടങ്ങ് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണെന്ന് കോണ്‍ഗ്രസും ടിഡിപിയും ആരോപിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :