മുന്‍ ടെലികോം മന്ത്രി ആണ്ടിമുത്തു രാജ എന്ന എ രാജ തീഹാര്‍ ജയിലിലെ നല്ല കുട്ടിയാണ്. മൂന്ന് മാസത്തിലധികമായി ജയിലില്‍ കഴിയുന്ന രാജ തന്റെ വാര്‍ഡിലെ മറ്റുള്ള തടവുകാരുമായി വളരെയധികം സൌഹൃദത്തിലാണെന്നും ജയില്‍ ജീവിതവുമായി വളരെപ്പെട്ടെന്ന് പൊരുത്തപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി 13 ന് ആണ് രാജ അറസ്റ്റിലായത്. ഫെബ്രുവരി 17 ന് തീഹാറിലെത്തി. ആദ്യ ഒരാഴ്ചക്കാലം ഞെട്ടലില്‍ നിന്ന് മുക്തനാവാത്ത നിലയിലായിരുന്നു രാജ. എന്നാല്‍, വളരെപ്പെട്ടെന്ന് സാഹചര്യവുമായി പൊരുത്തപ്പെട്ട രാജ തന്നെ പാര്‍പ്പിച്ചിരിക്കുന്ന ഒമ്പതാം വാര്‍ഡിലെ തടവുകാരുമായി സൌഹൃദത്തിലെത്തി.
രാവിലെ അഞ്ച് മണി മുതല്‍ ആറ് മണിവരെ ജയിലില്‍ നടക്കാന്‍ പോകുന്ന രാജ ഇപ്പോള്‍ വാര്‍ഡിലെ 14 തടവുകാരുമായും നല്ല സൌഹൃദത്തിലാണ്. വൈകിട്ട് അവരുമൊത്ത് ബാഡ്മിന്റന്‍ കളിക്കുന്നതിനും രാജ ഒരുക്കമാണ്.
വീട്ടില്‍ നിന്ന് പാചകം ചെയ്ത് കൊണ്ടുവരുന്ന ആഹാരമാണ് രാജ കഴിച്ചിരുന്നത്. ആദ്യം രാജയ്ക്ക് വേണ്ടി മാത്രമാണ് ഭക്ഷണം കൊണ്ടു വന്നിരുന്നത്. എന്നാല്‍, രണ്ടാഴ്ചയ്ക്ക് ശേഷം മറ്റുള്ള തടവുകാര്‍ക്കു കൂടി നല്‍കുന്നതിനായി വലിയ ടിഫിന്‍ ബോക്സില്‍ ഭക്ഷണമെത്താന്‍ തുടങ്ങി. രാവിലെ ഇഡ്ഡലി, വട, സാമ്പാര്‍ തുടങ്ങിയവയും ഉച്ചയ്ക്ക് രസം, തൈര് ചോറ് തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളുമാണ് രാജയ്ക്ക് വേണ്ടി കൊണ്ടുവന്നിരുന്നത്. ഇവ സഹതടവുകാരുമായി പങ്ക് വയ്ക്കുന്നതില്‍ രാജ മടി കാണിച്ചില്ല.
ഇപ്പോള്‍ രാജ വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ജയില്‍ ഭക്ഷണം കഴിക്കുന്ന രാജ ഒരിക്കല്‍ അതിന്റെ ഗുണനിലവാരത്തെ കുറിച്ച് പരാതി പറയുകയും ചെയ്തു. കാന്റീനില്‍ നിന്ന് ലഘുഭക്ഷണങ്ങള്‍ വാങ്ങി മറ്റുള്ളവരുമായി പങ്ക് വയ്ക്കാനും രാജ താല്‍പര്യം കാണിക്കുന്നു.
ഒരു കാര്യത്തിലും നിര്‍ബന്ധം പിടിച്ച് അധികൃതര്‍ക്ക് തലവേദന നല്‍കാന്‍ രാജ ഒരുക്കമല്ല. ജയിലില്‍ വായനയ്ക്ക് സമയം നീക്കിവയ്ക്കുന്ന രാജ തനിക്ക് തമിഴ് പത്രം വേണമെന്ന് മാത്രമാണ് ആകെ ആവശ്യമുന്നയിച്ചിട്ടുള്ളത്.
അതേസമയം, രാജയ്ക്ക് ഇനി ജയിലില്‍ നിന്ന് വെളിയില്‍ വരാന്‍ കഴിയില്ല എന്നാണ് ഒരു വിഭാഗം ഡിഎംകെ നേതാക്കള്‍ കരുതുന്നത്. 2ജി കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന മകള്‍ കനിമൊഴിയെ പുറത്ത് കൊണ്ടുവരാന്‍ കരുണാനിധി കിണഞ്ഞ് ശ്രമിക്കുമ്പോള്‍ രാജയെ അവഗണിക്കുകയാണ് എന്നും ഇവര്‍ പറയുന്നു.