വാനനിരീക്ഷകര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. തിങ്കളാഴ്ച മുതല്‍ ശനിയെ നമുക്ക് നഗ്നനേത്രങ്ങളാല്‍ കിഴക്കന്‍ ആകാശത്ത് ദര്‍ശിക്കാം. മെയ് മാസം വരെ ഇത് തുടരുമെങ്കിലും തിങ്കളാഴ്ചാണ് ശനിയുടെ ഭംഗി ഏറ്റവും കൂടുതല്‍ ആസ്വദിക്കാനാവുക. ഭൂമിയും സൂര്യനും ശനിയും നേര്‍രേഖയില്‍ വരുന്നതിനാലാണിത്. സൂര്യന്റെ പ്രഭയേറ്റ് ശനി ജ്വലിച്ച് നില്‍ക്കും.
കിഴക്കന്‍ ചക്രവാളത്തില്‍ സ്വര്‍ണനിറത്തില്‍ ഒരു ഡിസ്കിന്റെ ആകൃതിയിലാണ് ശനി ദൃശ്യമാവുക. ബൈനോക്കുലര്‍, ടെലിസ്കോപ്പ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചാല്‍ ശനിയുടെ ചുറ്റുമുള്ള വലയവും വ്യക്തമായി കാണാം. അസ്തമയത്തോടെ കിഴക്കന്‍ ആകാശത്ത് തെളിയുന്ന ശനി അര്‍ധരാത്രിയാകുമ്പോഴേക്കും തലയ്ക്ക് മുകളില്‍ പ്രകാശിച്ചു നില്‍ക്കും.
സാറ്റേണ്‍ എന്ന റോമന്‍ ദേവന്റെ പേരാണ് ശനിക്ക് നല്‍കിയിരിക്കുന്നത്. ഭൂമിയില്‍ നിന്ന് ഏകദേശം 140 കോടി കിലോമീറ്റര്‍ ദൂരെയാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്.
ഓരോ 378 ദിവസം കൂടുമ്പോഴും ശനി കിഴക്കുദിക്കാറുണ്ട്. ഇനി 2012-ല്‍ ഏപ്രില്‍ 15 -നായിരിക്കും ഇത്.