ന്യൂഡല്‍ഹി|
Joys Joy|
Last Modified ബുധന്‍, 7 ജനുവരി 2015 (15:16 IST)
ഡല്‍ഹിയിലെ റോഡുകളില്‍ അമിത
സാഹസികത കാണിക്കുന്നവര്‍ ജാഗ്രതെ. സാഹസിക പ്രകടനത്തിനിടയില്‍ ആംബുലന്‍സിന്റെ വഴി തടസ്സപ്പെടുത്തിയാല്‍ പിഴ 2000 രൂപയ്ക്ക് മുകളില്‍ .
മാത്രമല്ല നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിയും വരും.
ആംബുലന്‍സിന്റെ പാത തടസ്സപ്പെടുത്തിയെന്നു കാണിച്ച് ആശുപത്രിയില്‍ നിന്ന് പരാതി ലഭിക്കുകയാണെങ്കില്‍ അതില്‍ നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി ഗതാഗതവിഭാഗം പൊലീസ് കമ്മീഷണര്‍ മുക്തേഷ് ചന്ദര്‍ സര്‍ക്കുലറില്‍ അറിയിച്ചു. പരാതിയില്‍ , വാഹനത്തിന്റെ നമ്പര്‍ , തിയതി, ഗതാഗതം തടസ്സപ്പെടുത്തിയ സമയം, തെളിവ് എന്നിവ ഹാജരാക്കേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.
ഗതാഗതത്തിന് വാഹനം തടസം സൃഷ്‌ടിച്ചെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ പ്രസ്തുത കുറ്റം ചെയ്തയാള്‍ക്ക് ലീഗല്‍ നോട്ടീസ് അയയ്ക്കുന്നതായിരിക്കും. നോട്ടീസ് ലഭിക്കുന്നയാള്‍ 2000 രൂപ പിഴയൊടുക്കണമെന്നും ചന്ദര്‍ പറഞ്ഞു. നഗരത്തിലെ എല്ലാ ആശുപത്രികളെയും ഇക്കാര്യം ഉടന്‍ തന്നെ അറിയിക്കുമെന്നും ആംബുലന്‍സ് ഓടിക്കുന്ന ഡ്രൈവര്‍ക്ക് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ നല്കാന്‍ നിര്‍ദ്ദേശം നല്കുമെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിലെ കനത്ത ട്രാഫിക്കില്‍ ആംബുലന്‍സ് പെട്ട് നിരവധി പേര്‍ക്ക് ആണ് ജീവന്‍ നഷ്‌ടമായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മെയ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 26ഓളം സ്ത്രീകളുടെ പ്രസവം ആംബുലന്‍സില്‍ വെച്ചാണ് നടന്നത്. ട്രാഫിക്കില്‍ ഉള്‍പ്പെട്ട് സമയത്ത് ആശുപത്രിയില്‍ എത്താന്‍ കഴിയാതിരുന്നതായിരുന്നു കാരണം.
കൂടാതെ, സമയത്ത് ആശുപത്രിയില്‍ എത്താന്‍ കഴിയാതിരുന്നതിനാലും ആവശ്യമായ ഉപകരണങ്ങള്‍ ആംബുലന്‍സില്‍ ഇല്ലാതിരുന്നതിനാലും കുഞ്ഞിനെ നഷ്‌ടപ്പെട്ടവരും ഉണ്ട്. ഇതിനെല്ലാം അറുതി വരുത്താനാണ് ഡല്‍ഹി ട്രാഫിക് പൊലീസിന്റെ തീരുമാനം.