പത്‌മഭൂഷണ്‍ പുരസ്കാരത്തിന് സൈനയുടെ പേര് ശുപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി| Joys Joy| Last Updated: തിങ്കള്‍, 5 ജനുവരി 2015 (15:31 IST)
ന്യൂഡല്‍ഹി: പ്രമുഖ കായികതാരം സൈന നെഹ്‌വാളിന്റെ പ്രതിഷേധം ഫലം കണ്ടു. രാജ്യത്തിന്റെ അഭിമാനമായ ബാഡ്‌മിന്റണ്‍ താരത്തിന്റെ പേര് പത്മഭൂ‍ഷണ്‍ പുരസ്കാരത്തിനായി കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തു.
ബാഡ്‌മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പക്കല്‍ നിന്ന് നോമിനേഷന്‍ സമയത്ത് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് നേരത്തെ ശുപാര്‍ശ ചെയ്യാന്‍ കഴിയാതിരുന്നതെന്ന് മന്ത്രാലയം
വ്യക്തമാക്കിയിരുന്നു.

ഒരു ദിവസം മുമ്പു മാത്രമാണ് പുരസ്കാരത്തിനായുള്ള സൈനയുടെ അപേക്ഷ മന്ത്രാലയത്തിന് ലഭിച്ചതെന്നും അപേക്ഷ തിങ്കളാഴ്ച പരിശോധിക്കുമെന്നും കായികമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഞായറാഴ്ച പറഞ്ഞിരുന്നു. സൈനയ്ക്ക് പത്മഭൂഷണ്‍ നല്കാനുള്ള സാധ്യത സംബന്ധിച്ച് മന്ത്രാലയം വിശദമായി തന്നെ പരിശോധിക്കുമെന്നും പ്രത്യേകമായി തന്നെ സൈനയുടെ പേര് ശുപാര്‍ശ ചെയ്യുമെന്നും മന്ത്രി അറിയിച്ചിരുന്നു.

തന്നെ പത്മഭൂഷണ് ശുപാര്‍ശ ചെയ്യാത്തതില്‍ സൈന നെഹ് വാള്‍ കഴിഞ്ഞദിവസം ട്വിറ്ററിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഗുസ്തിതാരം സുശീല്‍ കുമാറിന്റെ പേര് നേരത്തെ തന്നെ മന്ത്രാലയം
പത്മഭൂഷണ്‍ പുരസ്കാരത്തിനായി ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന്, പത്മഭൂഷണ്‍ പുരസ്കാരത്തിന് തന്റെ പേര് ശുപാര്‍ശ ചെയ്യാത്തതില്‍ ദു:ഖമുണ്ടെന്ന് സൈന പറഞ്ഞിരുന്നു‍.

സുശീല്‍കുമാറിനു ബഹുമതിക്ക് അര്‍ഹതയില്ലെന്നും സൈന തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചിരുന്നു. 2011ല്‍ പത്മശ്രീ സ്വീകരിച്ച സുശീലിനു അഞ്ചു വര്‍ഷത്തിനു ശേഷം മാത്രമേ മറ്റൊരു പത്മ അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയൂ. എന്നാല്‍ 2010ല്‍ പത്മശ്രീ സ്വീകരിച്ച് ഇപ്പോള്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയായ തന്നെ ഇതേ കാരണം പറഞ്ഞ് ഒഴിവാക്കുകയും സുശീലിന് ഈ നിയമത്തില്‍ ഇളവ് നല്കുകയും ചെയ്തെന്നും സൈന പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :