പ്രമുഖ സാമൂഹ്യ ചിന്തകന്‍ അസ്ഗര്‍ അലി എഞ്ചിനീയര്‍ അന്തരിച്ചു. മുംബൈ സാന്താക്രൂസിലെ വസതിയിലായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് 73 വയസായിരുന്നു.
മുസ്ലിം പണ്ഡിതന്‍, ചിന്തകന്‍ എന്നീ നിലകളിലാണ് അദ്ദേഹം സമൂഹത്തില്‍ നിറഞ്ഞുനിന്നത്. ഇസ്ലാമിലെ വിമോചനധാരകള്‍ സംബന്ധിച്ച് ഏറെ പഠനങ്ങള്‍ രചിച്ചിട്ടുണ്ട്. 52 ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
സമാധാനത്തിന്‍റെയും സാമുദായിക സൌഹാര്‍ദ്ദത്തിന്‍റെയും അക്രമരാഹിത്യത്തിന്‍റെയും വക്താവായിരുന്നു അസ്ഗര്‍ അലി എഞ്ചിനീയര്‍. ലോകമെമ്പാടും സഞ്ചരിച്ച് അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തി. ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന്‍റെയും സെന്‍റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍റ് സെക്കുലറിസത്തിന്‍റെയും തലവനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
‘എ ലിവിംഗ് ഫെയ്ത്: മൈ ക്വസ്റ്റ് ഫോര്‍ പീസ്’ ആണ് അസ്ഗര്‍ അലി എഞ്ചിനീയറുടെ ആത്മകഥ. മതസൌഹാര്‍ദ്ദത്തിനുള്ള ഡാല്‍മിയ അവാര്‍ഡ്, കൊല്‍ക്കത്ത സര്‍വകലാശാലയുടെ ഡി ലിറ്റ്, റൈറ്റ് ലൈവ്‌ലിഹുഡ് അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടി വന്നിട്ടുണ്ട്.
1939ല്‍ രാജസ്ഥാനിലാണ് അസ്ഗര്‍ അലി എഞ്ചിനീയര്‍ ജനിച്ചത്. സൂഫിസം ആന്‍റ് കമ്യൂണല്‍ ഹാര്‍മണി, കമ്യൂണലിസം ഇന്‍ ഇന്ത്യ, ഇസ്ലാം ആന്‍റ് ഇറ്റ്സ് റലവന്‍സ്, ഇസ്ലാം ആന്‍റ് മുസ്ലിംസ്, ക്രിട്ടിക്കല്‍ റീ അസസ്മെന്‍റ് എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന കൃതികള്‍.
ചിത്രത്തിന് കടപ്പാട് - ന്യൂസ് ലോണ്‍ഡ്രി ഡോട്ട് കോം