സജ്ജന്‍‌കുമാര്‍ കുറ്റവിമുക്തന്‍; ജഡ്ജിക്കുനേരെ ചെരുപ്പേറ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ കോടതി കുറ്റവിമുക്തനാക്കി. ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ കോടതിയുടെ ഉത്തരവ്. വിധിപ്രസ്താവിച്ച ജഡ്ജിക്കു നേരെ കോടതിക്കകത്ത് പ്രതിഷേധക്കാര്‍ ചെരുപ്പെറിഞ്ഞു. ഈ മാ‍സം 16 ന് സജ്ജന്‍‌കുമാര്‍ അടക്കം ആറു പേര്‍ കുറ്റക്കാരാണെന്ന് ഡല്‍ഹി കോടതി കണ്ടെത്തിയിരുന്നു. ഇതില്‍നിന്നാണ് സജ്ജന്‍‌കുമാറിനെ കുറ്റവിമുക്തനാക്കിയത്.

വിധി പ്രസ്താവത്തെതുടര്‍ന്ന് കോടതി പരിസരത്ത് പ്രതിഷേധക്കാര്‍ തടിച്ചുകൂടി. പ്രതിഷേധവുമായി സിഖ് സംഘടനകള്‍ കോടതി പരിസരത്തെത്തി. അതേസമയം, കേസില്‍ സജ്ജന്‍കുമാറിനൊപ്പം പ്രതിചേര്‍ത്തിരുന്ന മറ്റു മൂന്നു പേര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ബല്‍വാന്‍ ഖോക്കര്‍, ഗിര്‍ധരി ലാല്‍, ക്യാപ്റ്റന്‍ ബഗ്മാല്‍ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസ് അന്വേഷിച്ച സിബിഐ നേരത്തെ സജ്ജന്‍ കുമാറിനെ കുറ്റവിമുക്തമാക്കിയിരുന്നു. ഇതിനെതിരേ കലാപത്തില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ ഭാര്യ ഷീല കൗര്‍ നല്‍കിയ ഹര്‍ജിയിലാണ് സജ്ജന്‍കുമാര്‍ പ്രതിചേര്‍ക്കപ്പെട്ടത്.

സുല്‍ത്താന്‍പുരിയില്‍ നടന്ന സിഖ് വിരുദ്ധകലാപവുമായി ബന്ധപ്പെട്ട് 2010 ജൂലൈയിലാണ് കുമാറിനും മറ്റു നാലു പ്രതികള്‍ക്കുമെതിരെ കീഴ്‌ക്കോടതി കുറ്റപത്രം ചുമത്തിയത്. 1984ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വധിച്ചതിനെ തുടര്‍ന്നാണ് സിഖ് വിരുദ്ധ കലാപം ഉണ്ടായത്. മൂവായിരത്തിലേറെ സിക്കുകാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പൊലീസിന്റെ ഒത്താശയോടെയാണ് കലാപം നടന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :