അസമിലെ സില്‍ച്ചാറില്‍ ഒമ്പത് വയസുകാരിയെ അജ്ഞാതര്‍ ബലാത്സംഗം ചെയ്ത സംഭവത്തെക്കുറിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസം സ്‌റ്റേറ്റ് കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് പൊലീസിനോട് ആവശ്യപ്പെട്ടു. പ്രതികളില്‍ ആരെയും പിടികൂടാനായിട്ടില്ലെന്ന് കച്ചാര്‍ എസ്പി കമ്മീഷനെ അറിയിച്ചിട്ടുണ്ട്. അക്രമികള്‍ മുഖംമൂടി ധരിച്ചിരുന്നതിനാല്‍ പീഡത്തിനിരയായ പെണ്‍കുട്ടിയ്ക്ക് അവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് എസ് പി അറിയിച്ചതായി കമ്മീഷന്‍ കണ്‍സള്‍ട്ടന്റ് ചന്ദന്‍ ബര്‍മന്‍ പറഞ്ഞു.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മാത്രമായി പെണ്‍കുട്ടികളെ പീഡിപ്പിച്ച അഞ്ച് കേസുകളാണ് കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ചന്ദന്‍ ബര്‍മന്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മതിയായ വകുപ്പുകള്‍ ഉപയോഗിച്ച് അക്രമികള്‍ക്കെതിരേ കേസെടുക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
ഏപ്രില്‍ 15ന് സോനിത്പൂര്‍ ജില്ലയില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. പിറ്റേദിവസം ചെരാലിയ ഗ്രാമത്തിലെ ഒരു പാടത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
ലൈംഗിക പീഡനങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2012 ഏപ്രിലില്‍ പാസായതാണെങ്കിലും ഇത് ആ വര്‍ഷം നവംബറില്‍ മാത്രമാണ് നിലവില്‍ വന്നത്. ഈ നിയമം പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തണമെന്നു ചന്ദന്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ ബാലികയെ പീഡിപ്പിച്ച സംഭവം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും പെണ്‍കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അസം ഗണ പരിഷത്തിന്റെ എംപിമാരാണ് വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.