കരസേനാ മേധാവി ജനറല്‍ വി കെ സിംഗ് വിരമിച്ചു. 42 വര്‍ഷം നീണ്ട സൈനിക ജീവിതം അവസാനിപ്പിച്ചാണ് വി കെ സിംഗ് വിടവാങ്ങുന്നത്. ജനനത്തീയതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതിയിലേക്ക് വലിച്ചിഴച്ച് വിവാദത്തിലായ സിംഗ് ഉറച്ച നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായ വ്യക്തി കൂടിയാണ്.
അഴിമതിവിരുദ്ധപോരാട്ടവും സേനയെ പരിഷ്കരണത്തിന്റെ പാതയിലേക്ക് കൈപിടിച്ചുയര്‍ത്തിയതും സിംഗിന്റെ പ്രതിഛായയ്ക്ക് തിളക്കമേകുന്നു. സിംഗ് പ്രധാനമന്ത്രിക്കയച്ച കത്ത് ചോര്‍ന്ന സംഭവം അദ്ദേഹത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു. എന്നാല്‍ കത്ത് ചോര്‍ത്തിയത് മറ്റൊരു ഉദ്യോഗസ്ഥയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുകയും ചെയ്തു.
എന്നും ഒരു സൈനികനായി ഓര്‍മ്മിക്കപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് വി കെ സിംഗ് വിരമിക്കുന്നതിന് മുമ്പ് പ്രതികരിച്ചത്. ഹരിയാനയാണ് അദ്ദേഹത്തിന്റെ ജന്മനാട്.
കിഴക്കന്‍ സേനാ കമാന്‍ഡര്‍ ജനറല്‍ ബിക്രം സിംഗാണ് പുതിയ കരസേനാ മേധാവി.