അലഹബാദ് റയില്‍‌വെ സ്റ്റേഷന്‍ ദുരന്തം: മരണം 36 ആയി

അലഹാബാദ്| WEBDUNIA|
PTI
PTI
ഉത്തര്‍പ്രദേശിലെ അലഹബാദ് റയില്‍‌വെ സ്റ്റേഷനിലെ നടപ്പാലത്തിന്റെ കൈവരി തകര്‍ന്ന് മരിച്ചവരുടെ എണ്ണം 36 ആയി. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മഹാകുംഭമേളയ്ക്കെത്തിയ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും.

ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം. തിക്കിനും തിരക്കിനുമിടെയാണ് നടപ്പാലത്തിന്റെ കൈവരി തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ രണ്ടുലക്ഷത്തോളം ആളുകളാണ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം. ആളുകളെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയെന്നും ഇതിനിടെയായിരുന്നു അപകടം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ട്രെയിനില്‍ കയറാന്‍ തിടുക്കപ്പെട്ട് യാത്രക്കാര്‍ കൂട്ടത്തോടെ പാലത്തിലേക്ക് കയറുകയായിരുന്നു.

മരിച്ചവരില്‍ 25 ഓളം പേര്‍ സ്ത്രീകള്‍ ആണ്. എന്നാല്‍ മരിച്ചവര്‍ ഏത് സംസ്ഥാനക്കാരാണ് എന്ന് വ്യക്തമായിട്ടില്ല. അപകടത്തില്‍പ്പെട്ടവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ വൈകിയെന്ന് ആരോപണം ഉണ്ട്. പരുക്കേറ്റവര്‍ ഏറെ നേരം റയില്‍‌വെ സ്റ്റേഷനില്‍ കിടക്കുന്ന സ്ഥിതി ഉണ്ടായി. അതേസമയം അപകടത്തെക്കുറിച്ച് പരസ്പരം പഴി ചാരാ‍നാണ് യു പി സര്‍ക്കാരും റയില്‍‌വെയും ശ്രമിച്ചത്. തിരക്ക് നിയന്ത്രിക്കാനാകാതെ പോയതിന്റെ പേരിലാണ് പരസ്പരമുള്ള കുറ്റപ്പെടുത്തല്‍.

സംഭവത്തെക്കുറിച്ച് യു പി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായവും സര്‍ക്കാര്‍ നല്‍കും.

12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയിലെ സുപ്രധാന ദിനമായിരുന്നു ഞായറാഴ്ച.
ശുഭദിനമായ മൌനി അമാവാസി ദിനത്തില്‍ മൂന്നു കോടിയിലേറെ പേരാണ് ത്രിവേണീ സംഗമത്തില്‍ പുണ്യസ്നാനം ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :