അഫ്സല്‍ ഗുരുവും രാജീവ് ഘാതകരും ഒരുപോലെ?

ന്യൂഡല്‍ഹി| WEBDUNIA|
PRO
അഫ്സല്‍ ഗുരുവിന്റെ കേസും രാജീവ് വധക്കേസും ഒരു പോലെയാണെന്ന് കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഒമറിന്റെ അഭിപ്രായപ്രകടനത്തോടെ രാജീവ് ഗാന്ധിയുടെ ഘാതകരുടെ ദയാഹര്‍ജിയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയം കടുക്കുകയാണ്.

2001 പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒമറിന്റെ ദയാഹര്‍ജിയും രാഷ്ട്രപതിക്ക് മുന്നില്‍ തീരുമാനം കാത്തുകിടക്കുകയാണ്. അതേസമയം, ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വൈകിയതിന്റെ അടിസ്ഥാനത്തില്‍ മദ്രാസ് ഹൈക്കോടതി അവരുടെ വധശിക്ഷ എട്ട് ആഴ്ചത്തേക്ക് നിര്‍ത്തിവച്ചു. ഇവരുടെ വധശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രമേയവും പാസാക്കിയിരുന്നു.

തമിഴ്നാട് സര്‍ക്കാരിന്റെ ചുവടുപിടിച്ച് അഫ്സല്‍ ഗുരുവിന് വേണ്ടി ജമ്മു-കശ്മീ‍ര്‍ സര്‍ക്കാരും ഒരു പ്രമേയം പാസാക്കിയാല്‍ അതിന് നല്ല പ്രതികരണം ലഭിക്കുമോ എന്ന് ഒമര്‍ ട്വിറ്ററിലൂടെ ചോദിച്ചു. കശ്മീ‍രിന്റെ പ്രമേയത്തിന് നല്ല പ്രതികരണമായിരിക്കില്ല ലഭിക്കുന്നത് എന്നും സംസ്ഥാനത്തെ ജനങ്ങളുടെ വികാരത്തിനോട് പുറത്തുള്ളവര്‍ നല്ലരീതിയിലല്ല പ്രതികരിക്കുന്നത് എന്നും ഒമര്‍ അഭിപ്രായപ്പെടുന്നു.

അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയാല്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം കത്തിപ്പടരുമെന്നാണ് കശ്മീര്‍ സര്‍ക്കാര്‍ കരുതുന്നത്. വധശിക്ഷയോട് ഒമറിന് വ്യക്തിപരമായ യോജിപ്പും ഇല്ല.

ഒമറിന്റെ അഭിപ്രായത്തെ അഫ്സല്‍ ഗുരുവിന്റെ അഭിഭാഷക കാമിനി ജസ്വാള്‍ പിന്തുണച്ചു. എല്ലാ കാര്യങ്ങള്‍ക്കും സമൂഹത്തില്‍ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും വേര്‍തിരിവ് ഉണ്ടെന്നും അവര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :