ദയാഹര്‍ജി തള്ളി, തൂക്കിക്കൊലയ്ക്ക് കളമൊരുങ്ങുന്നു

ന്യൂഡല്‍ഹി| WEBDUNIA|
WD
പരിഗണനയ്ക്ക് എത്തിയ രണ്ട് ദയാഹര്‍ജികള്‍ പ്രസിഡന്റ് പ്രതിഭാ പാട്ടീല്‍ തള്ളിയതോടെ ഇന്ത്യയില്‍ വീണ്ടും വധശിക്ഷയ്ക്ക് കളമൊരുങ്ങുന്നു. പഞ്ചാബില്‍ നിന്നുള്ള ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളര്‍, മഹേന്ദര്‍ നാഥ് ദാസ് എന്നിവര്‍ സമര്‍പ്പിച്ച ദയാഹര്‍ജിയാണ് പ്രസിഡന്റ് തള്ളിയത്.

ദാസിന്റെ ഹര്‍ജി കഴിഞ്ഞ മാസവും ഭുള്ളറിന്റേത് ബുധനാഴ്ചയുമാണ് രാഷ്ട്രപതി തള്ളിയത് എന്ന് രാഷ്ട്രപതിഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 2004 -ന് ശേഷം ആദ്യമായാണ് രാഷ്ട്രപതി വധശിക്ഷയ്ക്ക് അനുകൂല നിലപാട് എടുക്കുന്നത്.

1991-ല്‍ പഞ്ചാബ് എസ്‌എസ്‌പി സുമേധ് സിംഗിനെതിരെയും 1993-ല്‍ യൂത്തുകോണ്‍ഗ്രസ് പ്രസിഡന്റ് എം എസ് ബിട്ടയ്ക്ക് എതിരെയും ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതാണ് ഭുള്ളറിനെതിരെയുള്ള കുറ്റം. ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഭുള്ളറിന്റെ ദയാഹര്‍ജിയില്‍ എട്ട് വര്‍ഷത്തിനു ശേഷവും തീരുമാനമെടുക്കാതിരിക്കുന്നതിനെ കുറിച്ച് സുപ്രീംകോടതി തിങ്കളാഴ്ച പരാമര്‍ശം നടത്തിയിരുന്നു. പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ താമസിക്കുന്നതിനെ കുറിച്ച് ബിജെപി വിമര്‍ശനമുന്നയിച്ചുവരികയാണ്.

2006 ഒക്ടോബര്‍ മൂന്നിനാണ് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയായ അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജി രാഷ്ട്രപതിക്ക് സമര്‍പ്പിച്ചത്. ദയാഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിന് പ്രത്യേക സമയപരിധിയൊന്നുമില്ല എന്നാണ് ബിജെപിയുടെ വിമര്‍ശനത്തിനു മറുപടിയായി കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :