അന്തര്‍വാഹിനി തീപിടുത്തം; 18 സൈനികരുടെ മരണം സ്ഥിരീകരിച്ചു

മുംബൈ| WEBDUNIA| Last Modified ബുധന്‍, 14 ഓഗസ്റ്റ് 2013 (17:30 IST)
PRO
ഇന്ത്യന്‍ നാവിക സേനയുടെ അന്തര്‍വാഹിനി കപ്പലായ ഐഎന്‍എസ് സിന്ധുരക്ഷകിലുണ്ടായ തീപിടുത്തത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി എകെ ആന്റണി സ്ഥിരീകരിച്ചു. മുംബൈയിലെ അതീവസുരക്ഷാമേഖലയായ നാവികസേന ഡോക്‌യാര്‍ഡില്‍ വെച്ച് അര്‍ധരാത്രിയാണ് തീപിടുത്തമുണ്ടായത്. ഉഗ്ര സ്‌ഫോടനത്തെ തുടര്‍ന്നാണ് തീപടര്‍ന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

സ്ഫോടനം നടന്ന ഉടന്‍ തന്നെ തീ ആളിപ്പടരുകയായിരുന്നു. 8 അഗ്നിശമന യൂണിറ്റുകള്‍ പുലര്‍ച്ചെ മൂന്നുമണിവരെ വരെ ശ്രമിച്ചാണ് കപ്പലിലെ തീയണച്ചത്. എന്നാല്‍ അന്തര്‍വാഹിനിയുടെ 70 ശതമാനവും കത്തിനശിച്ചിരുന്നു. പൂര്‍ണമായും കത്തി നശിച്ച കപ്പല്‍ ഏറെ താമസിയാതെ കടലില്‍ താഴുകയായിരുന്നു.

ഇതിനു മുന്‍പും ഇതേ മുങ്ങിക്കപ്പലിന് വിശാഖപട്ടണത്ത് വെച്ച് തീപിടുത്തം ഉണ്ടായിട്ടുണ്ട്. അന്ന് ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് റഷ്യയില്‍ കൊണ്ടു പോയി കപ്പലിന്റെ പ്രശ്നങ്ങള്‍ തീര്‍ത്തിരുന്നു. ഇതിനായി 480 കോടി രൂപയാണ് സര്‍ക്കാരിന് ചെലവാക്കേണ്ടി വന്നത്. കപ്പല്‍ നവീകരിച്ച് ആറ് മാസത്തിനുശേഷമാണ് വീണ്ടും തീപിടുത്തം ഉണ്ടായിരിക്കുന്നത്.

തീപിടുത്തം നിയന്ത്രിക്കാനായതിനാല്‍ മറ്റ് കപ്പലുകളിലേക്ക് തീപിടിക്കാതിരിക്കാന്‍ സഹായകമായി. നാശനഷ്ടങ്ങളുടെ കണക്കുകള്‍ വ്യക്തമായിട്ടില്ല. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു കഴിഞ്ഞതായി പ്രതിരോധ മന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :