യമന്‍ സംഘര്‍ഷം; ആദ്യസംഘം തിരിച്ചെത്തി, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

കൊച്ചി/മുംബൈ.| VISHNU N L| Last Updated: വ്യാഴം, 2 ഏപ്രില്‍ 2015 (11:04 IST)
സംഘര്‍ഷം രൂക്ഷമായ യെമനില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാര്‍ ഇന്നു പുലര്‍ച്ചെ കൊച്ചി, മുംബൈ വിമാനത്താവളങ്ങളില്‍ മടങ്ങിയെത്തി. യെമനില്‍ നിന്ന് ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെത്തിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള 168 പേര്‍ പുലര്‍ച്ചെ 1.45നാണ് വ്യോമസേനയുടെ
സി 17 ഗോബ് മാസ്റ്റര്‍ വിമാനത്തില്‍ എത്തിയത്.
പിന്നാലെ 190 പേരടങ്ങുന്ന സംഘവുമായി വ്യോമസേനയുടെ മറ്റൊരു വിമാനം മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലെത്തി.

തിരികെ എത്തുന്നവരെ സ്വീകരിക്കാന്‍ മന്ത്രിമാരായ കെ.സി. ജോസഫ്, വി.കെ. ഇബ്രാഹിംകുഞ്ഞ് , കെ. ബാബുഎന്നിവരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘവും വിമാനത്താവളത്തില്‍ എത്തിയിരുന്നു. അന്‍വര്‍ സാദത്ത് എംഎല്‍എ, ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം തുടങ്ങിയവരും വിമാനത്താവളത്തില്‍ എത്തി.
മടങ്ങിയെത്തിയവര്‍ക്ക് വീടുകളിലേക്കെത്തുന്നതിന് ഇന്ത്യന്‍ റയില്‍വെ സൌജന്യ യാത്ര വാഗ്ദാനം ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ എത്തിയ ഇന്ത്യാക്കാരെ സ്വീകരിക്കാന്‍ മഹാരാഷ്ട്ര ടൂറിസം, പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി പ്രകാശ് മേഹ്ത്ത, കിരിത് സോമയ്യ എംപി തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. വിദേശകാര്യ സഹ മന്ത്രി ഇപ്പോഴും ജിബൂട്ടിയില്‍ തുടരുകയാണ്. മുഴുവന്‍ ഇന്ത്യാക്കാരെയും യമനില്‍ നിന്ന് ഒഴിപ്പിക്കുന്നതു വരെ അദ്ദേഹം അവിടെ തുടരും. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് യെമന്‍ തലസ്ഥാനമായ സനയിലേക്കു പോകാന്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇത് മറികടക്കുന്നതിനായി പ്രധാനമന്ത്രി തന്നെ സൌദി ഭരണാധികാരികളോട് ഇന്ത്യന്‍ വിമാനങ്ങളുടെ യാത്രാ തടസ്സം നീക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :