യമന്‍ സംഘര്‍ഷം; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം, ഇന്ത്യയുടെ സഹായം തേടിയത് 26 രാജ്യങ്ങള്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified ചൊവ്വ, 7 ഏപ്രില്‍ 2015 (14:45 IST)
ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ട യമനില്‍ നിന്ന് സ്വന്തം നാട്ടുകാരെ രക്ഷിക്കുന്ന ഇന്ത്യയുടെ നയതന്ത്ര നിക്കങ്ങള്‍ ലോകരാജ്യങ്ങളുടെ ശ്രദ്ധയും ആരാധനയും പിടിച്ചുപറ്റുന്നു. കേന്ദ്രസര്‍ക്കാരിന്റെ സജീവ ഇടപെടല്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നത് കണ്ട വിദേശ രാജ്യങ്ങള്‍ അവരുടെ പൌരന്മാരെ രക്ഷികാന്‍ ഇന്ത്യയുടെ സഹായം തേടിയിരിക്കുകയാണ്. ഏതാണ്ട് 26 രാജ്യങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയുടെ സനാഹങ്ങളെ ആശ്രയിച്ചിരിക്കുന്നത്.

ബംഗ്ലാദേശ്, ക്യൂബ, ചെക്ക് റിപ്പബ്ലിക്, ജിബൂട്ടി, ഈജിപ്ത്, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, ഇറാഖ്, ഇന്‍ഡൊനീഷ്യ, അയര്‍ലന്‍ഡ്, ലബനന്‍, മലേഷ്യ, നേപ്പാള്‍, ഫിലിപ്പീന്‍സ്, റൊമേനിയ, സ്‌ളൊവേനിയ, ശ്രീലങ്ക, സിംഗപ്പുര്‍, സ്വീഡന്‍, തുര്‍ക്കി, യുഎസ്എ, എന്നിവയാണ് ഇന്ത്യയുടെ സഹായംതേടിയ രാജ്യങ്ങള്‍. മാലെദ്വീപാണ് ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ സഹായം അഭ്യര്‍ത്ഥിച്ച് മുന്നോട്ടുവന്നത്. എല്ലാ അയല്‍രാജ്യങ്ങളില്‍നിന്നുമുള്ള പൗരന്മാരെയും യെമനില്‍നിന്ന് സ്വന്തം നാട്ടിലെത്തിക്കാന്‍ വഴിയൊരുക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തി ഇന്ത്യയിലെത്തിക്കുന്ന വിദേശ രാജ്യങ്ങളിലെ പൌരന്മാരെ അതാത് രാജ്യങ്ങളുടെ എംബസികളുടെ സഹായത്തോടെ മടക്കി അയയ്ക്കുകയാണ് ഇന്ത്യ ചെയ്യുന്നത്.

ജിബൂട്ടി കേന്ദ്രമാക്കി കേന്ദ്ര സഹമന്ത്രി ജനറല്‍ വി.കെ.സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ത്യ നടത്തുന്ന രക്ഷാപ്രവര്‍ത്തനം ലോകത്തിന്റെ മുഴുവന്‍ കൈയടി നേടിക്കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് വിദേശകാര്യ വകുപ്പും മന്ത്രി സുഷമാ സ്വരാജും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സജീവമാണ്. ഏദന്‍, സന, അല്‍ ഹൊദെയ്ദ, അല്‍ മുലാല തുടങ്ങിയിടങ്ങളില്‍നിന്ന് ഇന്ത്യക്കാരെ ജിബൂട്ടിയിലെത്തിച്ച് അവിടെനിന്ന് എയര്‍ ഇന്ത്യയുടെയും എയര്‍ഫോഴ്‌സിന്റെയും വിമാനങ്ങളില്‍ നാട്ടിലെത്തിക്കുകയാണ് ചെയ്യുന്നത്. നാവികസേനയുടെ ഐഎന്‍എസ് മുംബൈ, ഐഎന്‍എസ് സുമിത്ര, ഐഎന്‍എസ് തര്‍കാഷ് എന്നീ യുദ്ധക്കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമാണ്.

തിങ്കളാഴ്ച മാത്രം ആയിരത്തിലേറെ ആളുകളെയാണ് ഇന്ത്യ യെമനില്‍നിന്ന് രക്ഷിച്ചത്. 574 പേരെ സനയില്‍നിന്ന് വിമാനമാര്‍ഗവും 479 പേരെ അല്‍ ഹൊദെയ്ദയില്‍നിന്ന് കടല്‍ മാര്‍ഗവും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. യുദ്ധം രൂക്ഷമായ ശേഷം ഇന്ത്യ ഇതേവരെ 3500-ലേറെ ഇന്ത്യക്കാരെ രക്ഷിച്ചു. മറ്റ് 26 രാജ്യങ്ങളില്‍നിന്നുള്ള 225-ഓളം പൗരന്മാര്‍ക്കും ഇന്ത്യന്‍ സഹായം സ്വന്തം നാടുകളിലെത്തിക്കാന്‍ വഴിതുറന്നു. കൂടാതെ അയല്‍ വൈരം മറന്ന് 11 ഇന്ത്യക്കാരെ പാക്കിസ്ഥാനും യെമനില്‍നിന്ന് രക്ഷപ്പെടുത്തി കറാച്ചിയിലെത്തിച്ചിട്ടുണ്ട്. ഗള്‍ഫ് യുദ്ധകാലത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനു ശേഷം ഇന്ത്യ നടത്തുന്ന വിദേശത്തു നിന്നുള്ള ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് യമനില്‍ നടക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :