മുംബൈ|
Last Modified വെള്ളി, 23 മെയ് 2014 (09:35 IST)
മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിച്ച യാക്കൂബ് മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയ സാഹചര്യത്തില്‍ മേമനെ യെര്‍വാദ ജയിലിലേക്ക് മാറ്റും.
ഇപ്പോള്‍ നാഗ്പുര്‍ ജയിലിലുള്ള മേമനെ
വധശിക്ഷ നടപ്പാക്കുന്നതിന് വേണ്ടിയാണ് യെര്‍വാദ ജയിലിലേക്ക് മാറ്റുന്നത്. എന്നാല്‍, എപ്പോഴാണ് വധശിക്ഷ നടക്കുക എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. 2007-ല്‍ ടാഡ കോടതിയാണ് യാക്കൂബിന് വധശിക്ഷ വിധിച്ചത്. യാക്കൂബ് നല്‍കിയ അപ്പീല്‍ കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീംകോടതി തള്ളിയതിനെത്തുടര്‍ന്നാണ് ദയാഹര്‍ജി നല്‍കിയത്.
ദയാഹര്‍ജി തള്ളിയ തീരുമാനം മഹാരാഷ്ട്ര സര്‍ക്കാറിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 1993-ല്‍ നടന്ന മുംബൈ സ്‌ഫോടന പരമ്പരയില്‍ 257 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ഗൂഢാലോചന നടത്തുകയും പണമിറക്കുകയും ചെയ്തു എന്നതാണ് യാക്കൂബിനെതിരെയുള്ള കേസ്.
മുംബൈ സ്‌ഫോടന പരമ്പര കേസിലെ മുഖ്യ സൂത്രധാനായ ടൈഗര്‍ മേമന്റെ സഹോദരനാണ് യാക്കൂബ്. ബാബറി മസ്ജിദ് തകര്‍ച്ചയെത്തുടര്‍ന്ന് 1992 ഡിസംബര്‍ മുതല്‍ 1993 ജനവരി വരെ നടന്ന വര്‍ഗീയ കലാപങ്ങളുടെ അനന്തരഫലമായി മുംബൈയില്‍ സ്‌ഫോടനങ്ങള്‍ നടന്നിരുന്നു.