ന്യൂഡല്‍ഹി|
Last Modified വ്യാഴം, 22 മെയ് 2014 (11:33 IST)
ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ തീഹാര്‍ ജയിലില്‍ അയച്ച നടപടിക്കെതിരേ ആംആദ്മി പാര്‍ട്ടി ഹൈക്കോടതിയെ സമീപിച്ചേക്കും. വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് എഎപി തീരുമാനം. ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ടക്കേസിലാണ് കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
കോടതി നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും തുടര്‍നടപടികള്‍ക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. മനീഷ് സിസോദിയ അടക്കമുള്ള മുതിര്‍ന്ന എഎപി നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ഇന്നലെ പൊലീസ് മനീഷ് സിസോദിയയേയും മറ്റു ചില നേതാക്കളേയും അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. കനത്ത സുരക്ഷയാണ് തീഹാര്‍ ജയില്‍ പരിസരത്ത് പോലീസ് ഒരുക്കിയിട്ടുള്ളത്. ബാരിക്കേഡുകള്‍ തീര്‍ത്ത് റോഡുകള്‍ അടച്ചിരിക്കുകയാണ്. കെജ്‌രിവാളിന്‍റെ അറസ്റ്റിനെ തുടര്‍ന്ന് ഇന്നലെ തിഹാര്‍ ജയിലിനു പുറത്ത് ആം ആദ്മി പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് ജയിലിനു പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
10,000 രൂപ കെട്ടിവെച്ച് കേസില്‍ ജാമ്യമെടുക്കാന്‍ കെജ്‌രിവാള്‍ വിസമ്മതിച്ചിരുന്നു. ഇതൊരു രാഷ്ട്രീയ കേസ് ആണെന്നും താന്‍ ക്രിമിനല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു കെജ്‌രിവാളിന്റെ നിലപാട്. തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.