ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ചൊവ്വ, 5 ഓഗസ്റ്റ് 2014 (15:17 IST)
തലസ്ഥാന നഗരിയില്‍ സ്ത്രീകള്‍ക്ക് നേരേ അതിക്രമങ്ങള്‍ നടത്തുന്ന പീഡന വീരന്മാരുടെ ശ്രദ്ധയ്ക്ക്, നിങ്ങളുടെ കാര്യം ഏതാണ്ട് തീരുമാനയിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ ചീട്ടുകീറാന്‍ പാകത്തില്‍ ഡല്‍ഹിയില്‍ ഇനി പെണ്‍പുലികള്‍ ഇറങ്ങാന്‍ പോകുന്നു!
മൂക്കിന് കീഴില്‍ മീശയുള്ളതിനാല്‍ പീഡനങ്ങള്‍ കാണാന്‍ കഴിയാതിരുന്ന ഡല്‍ഹി പൊലീസ് മീശയില്ലത്ത വനിതാ പൊലീസിനെ സുസജ്ജരാക്കി രാത്രിയില്‍ പട്രോളിങ്ങിന് വിടാനാണ് തീരുമാനം. ഇനി സൂക്ഷിച്ച് നടന്നില്ലെങ്കില്‍ വനിതാ പൊലീസിന്റെ കയ്യില്‍ നിന്ന് കുറഞ്ഞ പക്ഷം നല്ല ഊക്കന്‍ ഇടികിട്ടും കൂടിപ്പോയാല്‍ വെടിവച്ച് കൊന്നെന്നും വരും. ആരും ചോദിക്കാന്‍ പോലും വരില്ല.
രാത്രിയൂം പകലും വനിതകളുടെ ഇടങ്ങള്‍ കാക്കുന്ന വനിതകളുടെ തന്നെ ഒരു പൂര്‍ണ്ണ സജ്‌ജരായ പെട്രോളിംഗ് ടീമിനെ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരാണ് കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. വനിത പട്രോളിംഗ് സംഘത്തേ രംഗത്തിറക്കാനായി എന്തൊക്കെ വേണമെന്ന പട്ടിക തയാറാക്കാന്‍ ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
അത്യാവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ കഴിയുന്ന അത്യാധുനിക തോക്കും വയര്‍ലസും ഉള്‍പ്പെടെയുള്ള വനിതാപോലീസാണ് മനസ്സിലുള്ളത്. ഇതിനായി സ്‌കൂട്ടി ഉള്‍പ്പെടെ വനിതാ പോലീസിന് ആവശ്യമുള്ള ഉപകരണങ്ങളുടെ പട്ടിക നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
തല്‍ക്കാലം വനിതാ കോളേജുകള്‍, ഗേള്‍സ് സ്‌ക്കൂളുകള്‍, വനിതകള്‍ക്കുള്ള പ്രത്യേക ഇടങ്ങള്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളിലാക്കി ഫോഴ്‌സിന്റെ സേവനം ചുരുക്കാനാണ് തീരുമാനം. ഭാവിയില്‍ ഡല്‍ഹിയുടെ മാനം കാക്കാന്‍ തക്ക കരുത്തുറ്റ സേനയാക്കി മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ജൂലൈ 16 ന് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്‌തിരുന്നു. വിവാദമായ ഡല്‍ഹി കൂട്ട ബലാത്സംഗക്കേസ് കഴിഞ്ഞ സര്‍ക്കാരിന് ലോകത്തിന് മുമ്പില്‍ വലിയ നാണക്കേട് ഉണ്ടാക്കിയ സംഭവമായിരുന്നു. അതിന് പിന്നാലെ തുടര്‍ച്ചയായി അനേകം കൂട്ട ബലാത്സംഗ സംഭവങ്ങളുടെ റിപ്പോര്‍ട്ടുകളായിരുന്നു പുറത്ത് വന്നത്.