നെല്‍വിന്‍ വില്‍സണ്‍|
Last Updated:
ചൊവ്വ, 8 ജൂണ്‍ 2021 (08:11 IST)
ഡല്‍ഹിയില്‍ 35 കാരനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. ഡല്‍ഹിയിലെ നിഹാല്‍ വിഹാറില്‍ 35 കാരനായ അനില്‍ സാഹുവിനെ കൊലപ്പെടുത്തിയ കേസിലാണ് 31 വയസ്സുള്ള ഭുവനേശ്വരി ദേവി (പിങ്കി) പിടിയിലായത്. പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭര്‍ത്താവിന് പരസ്ത്രീബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുവതി കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്ലേസ്‌മെന്റ് ഏജന്‍സിയിലെ ജോലിക്കാരനായ അനില്‍ സാഹു തന്നെ ശാരീരികമായി മര്‍ദ്ദിക്കാറുണ്ടെന്നും യുവതി പറയുന്നു.
ജൂണ്‍ മൂന്നിന് രാവിലെയാണ് അനില്‍ സാഹുവിനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭാര്യ പിങ്കിക്കൊപ്പം കാമുകന്‍ രാജും കുറ്റകൃത്യത്തില്‍ പങ്കാളിയാണ്. കൊലപാതകത്തിനു മുന്നോടിയായി ഇരുവരും ഗൂഢാലോചന നടത്തിയിരുന്നതായി പൊലീസ് പറയുന്നു. മുഖത്തും തലയിലും കഴുത്തിലും മാരകമായി മുറിവേറ്റ നിലയിലായിരുന്നു അനില്‍ സാഹുവിന്റെ മൃതദേഹം കണ്ടെത്തിയത്.
തുടക്കംമുതല്‍ പൊലീസിനെ കബളിപ്പിക്കാനായിരുന്നു പിങ്കിയുടെ ശ്രമം. രണ്ട് അജ്ഞാതര്‍ ഭര്‍ത്താവിനെ കാണാന്‍ വന്നിരുന്നതായും അവരാണ് കൊലപാതകം നടത്തിയതെന്നും പിങ്കി പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, പൊലീസ് എത്രയൊക്കെ തിരഞ്ഞിട്ടും ഇങ്ങനെ രണ്ട് അജ്ഞാതരെ കണ്ടെത്താന്‍ സാധിച്ചില്ല. കൊലപാതകം നടന്ന സമയത്ത് പിങ്കിയും ഇവരുടെ രണ്ട് മക്കളും വീട്ടുജോലിക്കാരും ആയിരുന്നു വീട്ടില്‍ ഉണ്ടായിരുന്നതെന്ന് പൊലീസിന് വ്യക്തമായി. എന്നാല്‍, ഇവര്‍ കാര്യമായി ഒന്നും തുറന്നുപറയാന്‍ തയ്യാറല്ലായിരുന്നു. പൊലീസിന് സംശയം തുടങ്ങുന്നത് ഇതില്‍ നിന്നാണ്. പിങ്കിയുടെ ഓരോ നീക്കങ്ങളും പൊലീസ് ശ്രദ്ധയോടെ വീക്ഷിക്കാന്‍ തുടങ്ങി.
അന്വേഷണത്തിനിടെ പിങ്കിയുടെ കൈയിലും ദേഹത്തും ചില മുറിപ്പാടുകള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. കൂടുതല്‍ പരിശോധിച്ചപ്പോള്‍ രക്തക്കറയുള്ള വസ്ത്രങ്ങളും പൊലീസ് കണ്ടെത്തി. ഒടുവില്‍ ഗത്യന്തരമില്ലാതെ പിങ്കി കുറ്റസമ്മതം നടത്തി. ദമ്പതിമാര്‍ക്കിടയില്‍ നേരത്തെയുണ്ടായിരുന്ന പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം പിങ്കി തന്റെ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് പിന്നീട് ഒത്തുതീര്‍പ്പാക്കി. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് തന്നെ താമസം തുടരുകയും ചെയ്തു. എന്നാല്‍ ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായി രഹസ്യബന്ധമുണ്ടെന്ന് പിങ്കി കണ്ടെത്തിയതോടെ ദമ്പതിമാര്‍ക്കിടയില്‍ വീണ്ടും തര്‍ക്കങ്ങളുണ്ടായി. തന്നെ ഭര്‍ത്താവ് ശാരീരികമായി മര്‍ദ്ദിക്കാറുണ്ടെന്നും ഇതിന്റെയെല്ലാം മറുപടിയായാണ് കൊലപാതകമെന്നും പ്രതി പറഞ്ഞു. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തിനു മറുപടിയെന്നോണം ഇതിനിടയില്‍ രാജ് എന്ന ആളുമായി പിങ്കി പ്രണയത്തിലായി. ഇരുവരും ചേര്‍ന്നാണ് പിന്നീട് സാഹുവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
ജൂണ്‍ രണ്ടിന് സാഹു ജോലി കഴിഞ്ഞ് വീട്ടിലെത്തി. പിങ്കി ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി ഭര്‍ത്താവിന് കൊടുക്കുകയായിരുന്നു. ഇയാള്‍ ഉറക്കത്തിലേക്ക് വഴുതിവീണപ്പോള്‍ രാജ് വീട്ടിലെത്തി. പിങ്കിയും കാമുകനും ചേര്‍ന്ന് അനില്‍ സാഹുവിനെ കെട്ടിയിട്ടു. കൊലപാതകത്തിനു തൊട്ടുമുന്‍പ് ഇയാള്‍ക്ക് ബോധം തെളിഞ്ഞു. അനില്‍ സാഹുവും പ്രതികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതോടെ പിങ്കി ഭര്‍ത്താവിനെ പിടിച്ചുവെയ്ക്കുകയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യം നടത്തിയ ശേഷം രാജ് വീട്ടില്‍നിന്ന് രക്ഷപ്പെടുകയും ചെയ്തു. രാജിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.