നെല്‍വിന്‍ വില്‍സണ്‍|
Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (08:57 IST)
മകള്‍ വൈഗയുടെ മരണത്തിനു പിന്നാലെ അപ്രത്യക്ഷനായ കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റില്‍ സനു മോഹനെ പൊലീസ് വലയിലാക്കിയത് അതിവിദഗ്ധമായി. സനു മോഹന്റെ വാഹനം മാര്‍ച്ച് 22 പുലര്‍ച്ചെ വാളയാര്‍ ചെക്ക് പോസ്റ്റ് കടന്നതായി പൊലീസ് കണ്ടെത്തിയതോടെയാണ് അന്വേഷണത്തില്‍ ആദ്യത്തെ തുമ്പ് ലഭിക്കുന്നത്. സനു മോഹന്റെ വാഹനം വാളയാര്‍ ചെക്ക് പോസ്റ്റ് കടന്ന വിവരം പൊലീസ് മനസിലാക്കുന്നത് മാര്‍ച്ച് 24 നാണ് വൈകിട്ടാണ്. ഇക്കാര്യം വ്യക്തമായതോടെ സനു മരിച്ചിട്ടില്ലെന്ന് പൊലീസ് ഉറപ്പിച്ചു. സനുവിനായി വ്യാപക തെരച്ചില്‍ ആരംഭിച്ചു.
സനു മോഹനെ കണ്ടെത്തുന്നതിനായി ആദ്യ പൊലീസ് സംഘം മാര്‍ച്ച് 25 ന് തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു. രണ്ട് സംഘം എറണാകുളത്തും തൃശൂരും തെരച്ചില്‍ ആരംഭിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പൊലീസ് വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. മാര്‍ച്ച് 30 ന് രണ്ടാമത്തെ പൊലീസ് സംഘവും തമിഴ്‌നാട്ടിലെത്തി. സനു മോഹന്റെ രൂപമാറ്റം വരുത്തിയ ചിത്രങ്ങളും കാറിന്റെ ചിത്രങ്ങളും ഇതിനിടയില്‍ പൊലീസ് പുറത്തുവിട്ടു. തമിഴ്‌നാട്ടിലടക്കം ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. സനു മോഹന്റെ കാറും മൊബൈല്‍ ഫോണുകളും കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊല്ലൂര്‍ ബീന റെസിഡന്‍സിയില്‍ മുറി വാടകയ്ക്ക് എടുത്ത് സനു മോഹന്‍ താമസിച്ചിരുന്നു. ലോഡ്ജില്‍ നിന്ന് ഇറങ്ങി ബസ് മാര്‍ഗം സനു ഉഡുപ്പിയിലേക്ക് പോയി. ഇതെല്ലാം പൊലീസിന് കാര്യങ്ങള്‍ എളുപ്പമാക്കി. കര്‍ണാടക, തമിഴ്‌നാട് പൊലീസിന്റെ സഹായം കൃത്യസമയത്ത് തേടിയതും കേരള പൊലീസിന്റെ വിദഗ്ധ ഇടപെടലായി.