വെള്ളം കുടിക്കുന്നതിലെ തർക്കം: ഇരട്ടകളിൽ ഒരാൾ ജീവനൊടുക്കി
എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 3 ഫെബ്രുവരി 2022 (09:43 IST)
നെയ്യാറ്റിൻകര: വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നതിനെ കുറിച്ചുണ്ടായ തർക്കത്തിൽ പിണങ്ങിയ ഇരട്ട സഹോദരന്മാരിൽ ഒരാൾ ജീവനൊടുക്കി. വ്ളാങ്ങമുറി പ്ലാങ്കാല കൃഷ്ണകൃപയിൽ അനിൽ കുമാർ - സിന്ധു ദമ്പതികളുടെ മകൻ ഗോകുൽ കൃഷ്ണ എന്ന പതിനഞ്ചുകാരനാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ഗോകുലകൃഷ്ണയും സഹോദരൻ ഗൗതമകൃഷ്ണയും നെയ്യാറ്റിൻകര വിശ്വഭാരതി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ്. ഇരുവരും രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോൾ ഗൗതമകൃഷ്ണ കൊണ്ടുവച്ച വെള്ളം ഗോകുലകൃഷ്ണ എടുത്തു കുടിച്ചു. ഇതിൽ ഇരുവരും തർക്കമാവുകയും തുടർന്ന് മുറിയിൽ കയറി ഗോകുലകൃഷ്ണ ഷാൾ ജനലിൽ കെട്ടിയിട്ടു തൂങ്ങിമരിക്കുകയുമായിരുന്നു.
സംഭവം കണ്ടയുടൻ ഗോകുലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ സമയം വീട്ടിൽ മാതാവ് സിന്ധു, സഹോദരി ഗായത്രി, സഹോദരൻ ഗൗതമകൃഷ്ണ എന്നിവരാനുണ്ടായിരുന്നത്. പിതാവ് അനിൽ കുമാർ മംഗലാപുരം എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ജീവനക്കാരനാണ്. നെയ്യാറ്റിൻകര പോലീസ് കേസെടുത്തു.