കുട്ടിക്കുറ്റവാളിയുടെ മോചനം: വനിത കമ്മീഷന്റെ ഹർജി ഇന്ന് പരിഗണിക്കും

കുട്ടിക്കുറ്റവാളി, വനിത കമ്മീഷൻ, ഹർജി, ഡൽഹി, സുപ്രീംകോടതി
ന്യൂഡൽഹി| jo| Last Updated: തിങ്കള്‍, 21 ഡിസം‌ബര്‍ 2015 (08:18 IST)
ഡൽഹി കൂട്ടബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. ശനിയാഴ്ച അർദ്ധരാത്രി ആയിരുന്നു ഡൽഹി വനിത കമ്മീഷൻ ഹർജിയുമായി കോടതിയെ സമീപിച്ചത്. വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൽ ആണ് സ്പെഷ്യൽ ലീവ് പെറ്റീഷനുമായി കോടതിയെ സമീപിച്ചത്.

കേസ് പരിഗണിക്കുന്നതു വരെ കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കരുതെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ശിക്ഷ കാലാവധി കഴിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച കുട്ടി കുറ്റവാളിയെ മോചിപ്പിച്ചിരുന്നു. അതേസമയം, ഇയാളെ മോചിപ്പിച്ചതിനെതിരെ ഡൽഹിയിൽ വ്യാപക പ്രതിഷേധം നടന്നു. നീതി ലഭിച്ചില്ലെന്ന് പെൺകുട്ടിയുടെ മാതാപിതാക്കളും പറഞ്ഞു.

ഞായറാഴ്ച മോചിപ്പിച്ച പ്രതിയെ സുരക്ഷ കാരണങ്ങളാൽ ഡൽഹിയിൽ തന്നെയാണ് താമസിപ്പിക്കുന്നത്. പേര് വെളിപ്പെടുത്താത്ത സർക്കാരിതര സംഘടനയ്ക്കാണ് കുട്ടിക്കുറ്റവാളിയെ കൈമാറിയിരിക്കുന്നത്. ഇയാളുടെ ജീവനു ഭീഷണിയുള്ളതിനാൽ അതീവ രഹസ്യമായാണ് മോചിപ്പിക്കലിനു ശേഷമുള്ള ഓരോ നടപടികളും പൂർത്തിയായത്.

മൂന്നു വർഷങ്ങൾക്കും മുമ്പുള്ള ഒരു ഡിസംബർ 15ന് ആയിരുന്നു ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് പാരാമെഡിക്കൽ വിദ്യാർത്ഥിനി ആയിരുന്ന ജ്യോതി സിംഗ് ക്രൂര മാനഭംഗത്തിനിരയായത്. പെൺകുട്ടി പിന്നീട് ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. ആറുപേരുടെ സംഘത്തിൽ പെൺകുട്ടിയോട് ഏറ്റവും ക്രൂരമായി പെരുമാറിയത് പ്രായപൂർത്തിയാകാത്ത കുറ്റവാളിയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :