കുട്ടിക്കുറ്റവാളിയെ ഗ്രാമത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് നാട്ടുകാര്‍, ക്ഷമിക്കണമെന്ന് പ്രതിയുടെ കുടുംബം

ഡല്‍ഹി കൂട്ടബലാത്സംഗ കേസ് , ഗ്രാമവാസികള്‍ , പൊലീസ് , അറസ്‌റ്റ്
ന്യൂഡൽഹി| jibin| Last Modified ഞായര്‍, 20 ഡിസം‌ബര്‍ 2015 (13:35 IST)
ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ കുട്ടിക്കുറ്റവാളി ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് മോചിതനാകുമെന്നിരിക്കെ കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്ന വിഷയത്തില്‍ ഗ്രാമത്തില്‍ രണ്ട് അഭിപ്രായം. ഗ്രാമത്തിന്റെ പേരു നശിപ്പിച്ചവനെ തിരികെ പ്രവേശിപ്പിക്കേണ്ടെന്നാണ് ഒരു വിഭാഗം വാദിക്കുബോള്‍ ജീവിതത്തിലേക്ക് തിരികെ മടങ്ങാനൊരുങ്ങുന്ന കുട്ടിക്കുറ്റവാളിയോട് ക്ഷമിക്കണമെന്നും പുതിയ ജീവിതത്തിലേക്ക് തിരുകെയെത്താന്‍ അനുവദിക്കണമെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്.

ഉത്തർപ്രദേശിലെ ബദായൂവിലാണ് കുട്ടിക്കുറ്റവാളിയുടെ ഗ്രാമം. ലോകത്തിനു മുന്നിൽ ഗ്രാമത്തെ നാണംകെടുത്തിയ പ്രതിയെ ഇനി ഇവിടെ ജീവിക്കാൻ അനുവദിക്കില്ലെന്നാണ് ഒരു വിഭാഗം ഗ്രാമവാസികള്‍ പറയുന്നത്. സംഭവം ഉണ്ടായതിന് ശേഷം
ഗ്രാമത്തിന് പുറത്ത് പഠിക്കുന്ന തങ്ങളുടെ മക്കളെ കുട്ടിക്കുറ്റവാളിയുടെ പേരില്‍ ആളുകള്‍ ആക്രമിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യാറുണ്ടെന്നാണ് ഇവര്‍ പറയുന്നത്. മക്കള്‍ക്ക് ഗ്രാമത്തിന് പുറത്ത് ജോലി പോലും ലഭിക്കാറില്ലെന്നും ഇവര്‍ പറയുന്നു. എന്നാൽ, കുറ്റത്തിനു ശിക്ഷ ലഭിച്ചുവെന്നും ജീവിതത്തിലേക്കു മടങ്ങിവരാൻ അവസരം നൽകണമെന്നും ഇയാളുടെ കുടുംബവും മറ്റൊരു വിഭാഗവും വാദിക്കുന്നത്.

മകനെ ഗ്രാമത്തിലേക്ക് മടങ്ങിയെത്താന്‍ അനുവദിക്കണമെന്നാണ് കുട്ടിക്കുറ്റവാളിയുടെ കുടുംബം ആവശ്യപ്പെടുന്നത്. അവനെ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ അനുവദിക്കണം. ഒരു അവസരം കൂടി എല്ലാവരും അവന് നല്‍കണം. തന്റെ ഭര്‍ത്താവിന് മാനസികാസ്വാസ്‌ഥ്യമാണ്. രണ്ടു പെണ്‍‌മക്കളും കൂലിപ്പണിക്ക് പോയാണ് കുടുംബം പോറ്റുന്നത്. ഈ സാഹചര്യത്തില്‍ എല്ലാവരും തങ്ങളുടെ കുടുംബത്തെ സഹായിക്കണമെന്നാണ് കുട്ടിക്കുറ്റവാളിയുടെ മാതാവ് പറയുന്നത്.

ജയിൽ വാസത്തിനിടെ പ്രതി തയ്യൽ ജോലി പഠിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ജീവിത മാർഗത്തിനായി തയ്യൽ കട തുടങ്ങുന്നതിനുള്ള പുനരധിവാസ പദ്ധതിക്കു സർക്കാർ രൂപം നൽകി. തയ്യൽ മെഷീനിനൊപ്പം കട വാടകയ്ക്കെടുക്കുന്നതിനും മറ്റുമായി 10,000 രൂപ ഒറ്റത്തവണ സഹായവും നൽകുമെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹി തിമര്‍പുരിലെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ പാര്‍പ്പിച്ചിരുന്ന പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‍റെ നിരീക്ഷണത്തിലാണ് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇയാളെ എന്തു ചെയ്യണമെന്ന കാര്യത്തില്‍ സര്‍ക്കാറും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും ആശയക്കുഴപ്പത്തിലാണ്. പതിനേഴാം വയസ്സിൽ അറസ്റ്റിലായ ഇയാൾ ഇരുപതാം വയസ്സിലാണ് പുറത്തിറങ്ങുന്നത്.

2012 ഡിസംബർ 15നു രാത്രിയാണ് ഓടിക്കൊണ്ടിരുന്ന ബസിൽ പാരാമെഡിക്കൽ വിദ്യാർഥിനി ക്രൂര മാനഭംഗത്തിനിരയായത്. പെൺകുട്ടി പിന്നീട് ആശുപത്രിയിൽ മരിച്ചു. കുട്ടിക്കുറ്റവാളിയുൾപ്പെടെ കേസിൽ ആറു പ്രതികളായിരുന്നു. മുഖ്യപ്രതി വിചാരണയ്ക്കിടെ തിഹാർ ജയിലിൽ ജീവനൊടുക്കി. വിചാരണക്കോടതി വധശിക്ഷ വിധിച്ച നാലു പ്രതികൾ നൽകിയ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :