ചെന്നൈ|
Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2016 (19:47 IST)
സ്വാതി കൊലക്കേസ് പ്രതിയെന്ന് ആരോപിക്കപ്പെട്ട രാംകുമാര്‍ ജയിലില്‍ മരണപ്പെട്ടിട്ട് ബുധനാഴ്ച നാലാം ദിവസം ആയിരുന്നു. എന്നാല്‍, ഇത്ര ദിവസമായിട്ടും രാംകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പോസ്റ്റ്മോര്‍ട്ടം നടക്കുന്ന സമയത്ത് തങ്ങളുടെ ഭാഗത്തുനിന്നുള്ള ഫോറന്‍സിക് വിദഗ്ധന്റെ സാന്നിധ്യം ആവശ്യപ്പെട്ട് രാംകുമാറിന്റെ അച്‌ഛന്‍ ആര്‍ പരമശിവം അപ്പീല്‍ നല്കിയിരുന്നു. അപ്പീല്ലില്‍ വാദം കേട്ട ജഡ്‌ജിമാര്‍ ഭിന്നാഭിപ്രായവുമായി രംഗത്തെത്തിയതോടെ പോസ്റ്റ്‌മോര്‍ട്ടം അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്.
രാംകുമാര്‍ ജയിലില്‍
ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് ഭാഷ്യമെങ്കിലും ഇതിനെ അപ്പാടെ തള്ളിക്കളയുകയാണ് രാംകുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും. രാംകുമാറിനെ ജയിലില്‍ പൊലീസ് കൊലപ്പെടുത്തിയെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമാകണമെങ്കില്‍ പോസ്റ്റ്മോര്‍ട്ടം നടന്നേ പറ്റൂ. എങ്കില്‍, തങ്ങളുടെ ഭാഗത്തു നിന്നുള്ള ഫോറന്‍സിക് വിദഗ്ധന്റെ സാന്നിധ്യം പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന സമയത്ത് വേണമെന്നാണ് രാംകുമാറിന്റെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ജഡ്‌ജിമാര്‍ക്കും ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ വന്നതോടെ പോസ്റ്റ്‌മോര്‍ട്ടം നീളുകയാണ്.
തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, രാംകുമാറിന്റെ അച്‌ഛന്‍ അഭിഭാഷകനായ രാംരാജ് മുഖേന മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് സ്റ്റേ ലഭിക്കുകയായിരുന്നു. ചൊവ്വാഴ്ച, പോസ്റ്റ്മോര്‍ട്ടം നടത്തുന്ന വേളയില്‍ തങ്ങളുടെ ഭാഗത്തു നിന്നുള്ള ഫോറന്‍സിക് വിദഗ്ധന്റെ സാന്നിധ്യം ആവശ്യപ്പെട്ട് രാംകുമാറിന്റെ അച്‌ഛനു വേണ്ടി അഭിഭാഷകനായ രാജന്‍ ഹര്‍ജി നല്കിയതോടെ കാര്യങ്ങള്‍ പിന്നെയും വൈകി. രാംകുമാറിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.
അതേസമയം, രാംകുമാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തതിന്റെ എഫ് ഐ ആര്‍ തയ്യാറായി. എഫ് ഐ ആറില്‍ പറയുന്നത് ഇങ്ങനെ;
സംഭവദിവസം വൈകുന്നേരം രാംകുമാര്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ തന്നെ, വെള്ളം കുടിക്കാന്‍ വേണ്ടി വെള്ളം ഇരിക്കുന്നിടത്തേക്ക് ജയിലിലെ സുരക്ഷ ഉദ്യോഗസ്ഥന്‍ കൊണ്ടുപോയി. വെള്ളം ഇരിക്കുന്ന മുറിയുടെ വാതില്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ തുറന്നു കൊടുത്തു. ആ സമയത്ത് സുരക്ഷ ഉദ്യോഗസ്ഥന് ഒരു ഫോണ്‍ വന്നു. ഉന്നത ഉദ്യോഗസ്ഥനായിരുന്നു വിളിച്ചത്. ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ വേണ്ടി സുരക്ഷ ഉദ്യോഗസ്ഥന്‍ പോയി. എന്നാല്‍, ഇയാള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്ത് തിരിച്ചുവരുമ്പോള്‍ കാണുന്നത് ഇലക്‌ട്രിക് വയര്‍ വായില്‍ വെച്ച് കടിച്ചിരിക്കുന്ന രാംകുമാര്‍ ഷോക്കേറ്റ് പിടയുന്നതാണ്. രാംകുമാറിനെ കൊണ്ടു
വയറില്‍ നിന്ന് പിടി വിടുവിക്കാന്‍ ലാത്തി ഉപയോഗിച്ച് അടിച്ചു. നെഞ്ചില്‍ മുറിവുണ്ടായത് ഇങ്ങനെയാണ്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് ആംബുലന്‍സില്‍ വെച്ച് തന്നെ മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ചതിനു ശേഷമായിരിക്കും എഫ് ഐ ആര്‍ സമര്‍പ്പിക്കുക.